കൊച്ചി: ബിജെപിയുടെ ഹര്‍ത്താലിനെ പോലും തകര്‍ത്തെറിഞ്ഞ് തീയറ്ററുകളെ പൂരപ്പറമ്പാക്കുകയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഒരു വര്‍ഷത്തിന് മേലെ അക്ഷമരായി കാത്തിരുന്ന ചിത്രത്തിനായി എണ്ണമറ്റ ഫാന്‍ ഷോകളാണ് മോഹന്‍ലാല്‍ ആരാധകര്‍ നടത്തിയത്.  

ആരാധകരുടെ ആഘോഷതിമിര്‍പ്പിനിടയില്‍ മോഹന്‍ലാലിന്‍റെ ഒടിവിദ്യകള്‍ ആസ്വദിക്കാന്‍ പ്രമുഖരുടെ നീണ്ട നിര തന്നെയാണ് ആദ്യ ദിനം തീയറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. അതില്‍ താരരാജാവിന്‍റെ ഭാര്യ സുചിത്ര എത്തിയത് തെല്ലൊന്നുമല്ല ആരാധക്കൂട്ടത്തെ ആവേശത്തിലാക്കിയത്.

എറണാകുളം കവിത തീയറ്ററിലാണ് മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്ര മോഹന്‍ലാല്‍ ഒടിയന്‍ കാണാന്‍ എത്തിയത്. ഒടിയന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ കുടുംബത്തിന് ഒപ്പമാണ് സുചിത്ര സിനിമയ്ക്ക് എത്തിയത്. പ്രദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ സുചിത്രയോട് മാധ്യമപ്രവര്‍ത്തകര്‍ സിനിമയുടെ അഭിപ്രായവും ആരാഞ്ഞു.

മികച്ച കഥയാണെന്നും നല്ലൊരു എന്‍റര്‍ടെയ്നറുമാണ് ഒടിയനെന്നാണ് സുചിത്ര പ്രതികരിച്ചത്. സുചിത്രയെ കൂടാതെ നടന്‍ ഉണ്ണി മുകുന്ദന്‍, ഫര്‍ഹാന്‍ ഫാസില്‍, നീരജ് മാധവ്, സംയുക്ത മേനോന്‍ എന്നിങ്ങനെ സിനിമ രംഗത്തെ നിരവധി പ്രമുഖരും ഒടിയന്‍ ആദ്യ ദിനം കാണാനെത്തി.