വന്‍ ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന സിനിമയാണ് രണ്ടാമൂഴം. എം ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴം എന്ന തന്റെ നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്‍ക്ക് മഹാഭാരതം എന്ന് പേര് നല്‍കുന്നതിന് എതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തിയെന്നാണ് പുതിയ വാര്‍ത്ത.

ആയിരം കോടി ബജറ്റില്‍ വ്യവസായി ബിആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ച് അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ച് കത്തെഴുതിയിരുന്നെന്ന് സംവിധായകന്‍ ശ്രീകുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറ്റു ഭാഷകളില്‍ മഹാഭാരത- ബേസ്ഡ് ഓണ്‍ എംടി വാസുദേവന്‍ നായര്‍സ് നോവല്‍ രണ്ടാമൂഴം എന്ന പേരിലുമാണ് ചിത്രം തിയറ്ററുകളിലെത്തുക. മഹാഭാരതത്തിന്റെ ചിത്രീകരണം ഗള്‍ഫിലായിരിക്കും നടക്കുക. മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നും പ്രമുഖ താരങ്ങള്‍ രണ്ടാമൂഴത്തിന്റെ ഭാഗമാകും.