കമല്‍ഹാസന്റെ കടന്നുവരവ് കൂടാതെ മറ്റൊരു സര്‍പ്രൈസും കഴിഞ്ഞ വാരാന്ത്യത്തില്‍ കാണികള്‍ക്കായി ഉണ്ടായിരുന്നു.

കമല്‍ഹാസന്റെ കടന്നുവരവായിരുന്നു കഴിഞ്ഞ വാരാന്ത്യത്തില്‍ ബിഗ് ബോസിലെ ഏറ്റവും വലിയ സര്‍പ്രൈസ്. വിശ്വരൂപം 2 റിലീസിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രചരണാര്‍ഥം കമല്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൂജ കുമാറും സംഗീതം നിര്‍വ്വഹിച്ച മുഹമ്മദ് ജിബ്രാനും ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ അപ്രതീക്ഷിതമായുള്ള കടന്നുവരവ് ബിഗ് ബോസ് മത്സരാര്‍ഥികളെ ഞെട്ടിച്ചിരുന്നു. കമലിനൊപ്പം ആടിയും പാടിയും ആ മണിക്കൂറുകള്‍ അവര്‍ ശരിക്കും ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സ്വാതന്ത്ര്യദിനവും ഓണാരംഭമായ അത്തവും പ്രമാണിച്ച് മലയാളികളുടെ മറ്റൊരു പ്രിയതാരം കൂടി ബിഗ് ബോസിലേക്ക് എത്തുകയാണ്. നടനും എംഎല്‍എയുമായ മുകേഷ് ബിഗ് ബോസ് ഹൗസിലെത്തുന്ന എപ്പിസോഡ് സ്വാതന്ത്ര്യദിനത്തില്‍ സംപ്രേഷണം ചെയ്യും.

അതേസമയം അന്‍പത് ദിനങ്ങള്‍ കടന്ന് മുന്നോട്ടുപോകുന്തോറും നാടകീയതയുമായി പ്രേക്ഷകപ്രീതി നേടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന്. കമല്‍ഹാസന്റെ കടന്നുവരവ് കൂടാതെ മറ്റൊരു സര്‍പ്രൈസും കഴിഞ്ഞ വാരാന്ത്യത്തില്‍ കാണികള്‍ക്കായി ഉണ്ടായിരുന്നു. അഞ്ച് പേരായിരുന്നു കഴിഞ്ഞ തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. പേളി മാണി, സാബുമോന്‍, അരിസ്‌റ്റോ സുരേഷ്, അതിഥി റായ്, അനൂപ് ചന്ദ്രന്‍ എന്നിവര്‍. എന്നാല്‍ ഇതില്‍ ഒരാള്‍പോലും ഇത്തവണ പുറത്തായില്ല. മറിച്ച് നേരത്തേ പുറത്തുപോയ ഒരു മത്സരാര്‍ഥി തിരിച്ചുവരുകയും ചെയ്തു. ഹിമ ശങ്കറാണ് മറ്റ് മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച് ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയത്.