കാലായ്ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകന്‍ തന്‍റെ പിതാവ് എസ്. തിരവിയം നാടാരെ അപമാനിക്കുന്ന ചിത്രം കാലാ തിരവിയം നാടാരെക്കുറിച്ചുള്ള സിനിമയല്ലെന്ന് അണിയറ പ്രവർത്തകര്‍
രജനീകാന്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുംബൈയിലെ പത്രപ്രവർത്തകൻ. സ്റ്റൈൽ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ കാലയ്ക്കെതിരെയാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിയായ ജവഹർ നാടാർ എന്ന പത്രപ്രവർത്തകന്റെ വക്കീലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തന്റെ പിതാവായ എസ്. തിരവിയം നാടാരെ അപമാനിക്കുന്ന രീതിയിലാണ് കാലാ സിനിമയിൽ രജനീകാന്ത് അഭിനയിച്ചിരിക്കുന്നതെന്ന് കാണിച്ചാണ് നോട്ടീസ്. നോട്ടീസ് കൈപ്പറ്റി 36 മണിക്കൂറുകൾക്കുള്ളിൽ മാപ്പെഴുതി നൽകണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം 101 കോടി നഷ്ടപരിഹാരമായി നൽകേണ്ടി വരും.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പഞ്ചസാര വ്യാപാരിയായിരുന്നു ജവഹർ നാടാരുടെ പിതാവ് തിരവിയം നാടാർ. 1957-ൽ മുംബൈയിൽ നിന്ന് ധാരാവിയിലേക്ക് താമസം മാറി. ഗുഡ് വാല സേത്ത്, കാലാ സേത്ത് എന്നീ പേരുകളിലായിരുന്നു തിരവിയം നാടാർ അറിയപ്പെട്ടിരുന്നത്. യാതൊരു വിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും തന്റെ പിതാവ് ഉൾപ്പെട്ടിരുന്നില്ലെന്ന് ജവഹർനാടാർ നോട്ടീസിൽ പറയുന്നു. എന്നാൽ കാലാ സിനിമ തിരവിയം നാടാരെക്കുറിച്ചുള്ള സിനിമയല്ലെന്നാണ് ചിത്രത്തിന്റ അണിയറ പ്രവർത്തകരുടെ മറുപടി.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായിട്ടാണ് കാലാ സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് സിനിമാ വൃത്തങ്ങളിൽ വാർത്ത വന്നിരുന്നു. അടിച്ചമർത്തപ്പെട്ട സാധാരണക്കാർക്ക് വേണ്ടി പൊരുതുന്നയാളാണ് സിനിമയിലെ രജനീകാന്തിന്റെ കഥാപാത്രം. വ്യക്തമായ രാഷ്ട്രീയമുള്ള സിനിമയാണ് കാലാ എന്നും എന്നാൽ ഇതൊരു രാഷ്ട്രീയ ചിത്രമല്ല എന്നും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംങ്ങിനിടെ രജനി പ്രഖ്യാപിച്ചിരുന്നു.
കാവേരി നദീജല വിഷയത്തിൽ നടത്തിയ പരാമർശത്തെച്ചൊല്ലി കർണാടകയിൽ കാലാ റിലീസിംഗ് വിലക്കിലാണ്. കൂടാതെ സ്റ്റെർലൈറ്റ് പ്രതിഷേധത്തിനിടയിൽ നടന്ന പൊലീസ് വെടിവെപ്പിനെക്കുറിച്ച് രജനി നടത്തിയ പരാമർശവും വിവാദത്തിന് കാരണമായിരുന്നു. അതിന് പുറമെയാണ് ഇപ്പോൾ ഈ അപകീർത്തിക്കേസും ഉയർന്നു വന്നിരിക്കുന്നത്. പാ രജ്ഞിത്തും രജനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാലാ. ജൂൺ ഏഴിനാണ് ചിത്രത്തിന്റെ റിലീസിംഗ് നിശ്ചയിച്ചിട്ടുള്ളത്.
