ഒരു ചാനല്‍ റിയാലിറ്റി ഷോയുടെ ഓഡിഷനിലാണ് ഇരുപത്തിരണ്ടുകാരിയായ സുഹാന സയീദ് ഹിന്ദുഭക്തിഗാനം ആലപിച്ചത്. ഹിജാബ് ധരിച്ചെത്തി ഒന്നരമിനിറ്റ് സുഹാന ഭക്തിഗാനം പാടി. ഓഡിഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ സുഹാനയുടെ ശബ്ദത്തെ പുകഴ്ത്തിയ വിധികര്‍ത്താക്കള്‍ ഹിന്ദുഭക്തിഗാനം പാടിയതിനെയും അഭിനന്ദിച്ചു. മതങ്ങള്‍ തമ്മിലുളള ഐക്യത്തിന്റെ പ്രതിരൂപമാണ് സുഹാനയെന്നും വലിയ സന്ദേശമാണ് നല്‍കിയതെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു.

കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ അടക്കമുളളവര്‍ സുഹാനയെ പ്രശംസിച്ചു.എന്നാല്‍ പരിപാടി ചാനലില്‍ വന്നതുമുതല്‍ മതമൗലിക വാദികളുടെ ഫേസ്ബുക്ക് ആക്രമണത്തിന് ഇരയായിരിക്കുകയാണ് സുഹാന. മറ്റൊരു മതവിഭാഗത്തിന്റെ ഭക്തിഗാനം പാടി മുസ്ലിം സമൂഹത്തെയാകെ സുഹാന കളങ്കപ്പെടുത്തിയെന്നും മറ്റ് മുസ്ലിം യുവതികള്‍ക്ക് മാതൃകയാണെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും ഫേസ്ബുക്കില്‍ വിമര്‍ശനങ്ങള്‍ വന്നു. 

പുരുഷന്‍മാര്‍ക്ക് മുന്നില്‍ മുഖം മറക്കാതെ പാടിയും നിനക്ക് മുസ്ലിമായി തുടരാന്‍ അര്‍ഹതയില്ല. അതിന് അനുവദിച്ച മാതാപിതാക്കള്‍ക്ക് നരകമാണ് വിധിയെന്നുമുളള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മംഗളൂരു കേന്ദ്രീകരിച്ചുളള ഫേസ്ബുക്ക് പേജുകളിലാണ് സുഹാനയെ അധിക്ഷേപിച്ചുളള പോസ്റ്റുകള്‍ വ്യാപകം. അതേ സമയം യുവതി ചെയ്തത് നല്ല കാര്യമാണെന്നും മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി യുടി ഖാദര്‍ വ്യക്തമാക്കി.