ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും വലിച്ചിഴയ്ക്കുകയാണ് മാധ്യമങ്ങളെന്ന് നടി മൈഥിലിയുടെ പരാതി. മാധ്യമങ്ങളാണ് പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കുന്നത്. ഞങ്ങള്‍ മീഡിയ ആണ്, ഞങ്ങള്‍ക്ക് എന്തും പറയാം എന്നൊരു ധാര്‍ഷ്ഠ്യമാണ്. പേനവച്ച് കീറിമുറിക്കുകയാണ് അത് പീഡനം തന്നെയാണ്. അടുത്തകാലത്ത് ഉണ്ടായ പല വിഷയങ്ങളിലും തന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു മൈഥിലി. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മൈഥിലി തുറന്നടിച്ചത്.
"വ്യക്തിപരമായി തനിക്കിതൊന്നും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നും മൈഥിലി പറയുന്നു. ഇത്തരത്തമൊരു സാഹചര്യത്തിലാണ് ഒന്നും വേണ്ട എന്ന തോന്നലോടെ എല്ലാം വിട്ടുനിന്നത്. സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും ജീവിതമുണ്ട്. സോഷ്യല്‍ മീഡിയ ഈയടുത്ത് കാലത്ത് മാത്രം ഉണ്ടായ സാധനമാണെന്നും മൈഥിലി പറഞ്ഞു.
ചില മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ടാണ് പറ്റിയതാണെന്നും സമ്മതിക്കുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാം പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനപ്പൂര്‍വ്വം കുടുക്കി കളയുമെന്നും മൈഥിലി അഭിപ്രായപ്പെട്ടു. നമ്മുടെ നിയമങ്ങള്‍ക്ക് പോലും പരിമിതികളുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു പോകും. ചിലര്‍ക്ക് പറഞ്ഞ് മനസ്സിലാക്കാന്‍ ആളുണ്ടാകും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ.. അതേസമയം സിനിമയില്‍ തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടുന്നുമില്ലെന്നും എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും" മൈഥിലി അഭിമുഖത്തില്‍ പറഞ്ഞു.
