അഭിനേതാവും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹോദരീ ഭര്‍ത്താവാണ്. 

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്‍റെ മകനും തെലുങ്ക് യുവതാരം ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (61) റോഡപകടത്തില്‍ മരിച്ചു. തെലുങ്കാന, നെല്ലൂര്‍ ജില്ലയിലെ കവാലിയിലേക്ക് കാറോടിച്ച് പോകവെ നല്‍ഗോണ്ട ഹൈവേയില്‍ ഇന്ന് രാവിലെ 6.30നാണ് അപകടം. ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.

അതിവേഗത്തില്‍ പോവുകയായിരുന്ന ഹരികൃഷ്ണയുടെ എസ്‍യുവി വാഹനം റോഡിന്‍റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കുകളേറ്റെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു.

9 മണിക്കുള്ള വിവാഹത്തില്‍ സമയത്തിന് എത്താനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹമെന്നും അപകടം നടക്കുമ്പോള്‍ വാഹനത്തിന് 150 കി.മീറ്ററോളം വേഗമുണ്ടായിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു. മീഡിയനില്‍ ഇടിച്ച് മറിഞ്ഞ വാഹനം മറ്റൊരു കാറിലും ഇടിച്ചു. ഹരികൃഷ്ണ ഓടിച്ചിരുന്ന വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു.

ഹരികൃഷ്ണയുടെ മകനും തെലുങ്ക് നടനുമായിരുന്ന കല്യാണ്‍ റാം 2014ല്‍ വാഹനാപകടത്തില്‍ മരിച്ച നല്‍ഗോണ്ടയ്ക്ക് ഏറെ അകലെയല്ലാത്ത സ്ഥലത്താണ് ഇന്ന് അപകടം നടന്നത്. മറ്റൊരു മകന്‍ നന്ദമുരി തരക രാമറാവുവും തെലുങ്ക് താരമാണ്. അഭിനേതാവും തെലുങ്ക് ദേശം പാര്‍ട്ടി നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു നന്ദമുരി ഹരികൃഷ്ണ. 2008-2013 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍.ടി.രാമറാവു (എന്‍ടിആര്‍) വിന്‍റെ നാലാമത്തെ മകനാണ്. എന്‍ടിആര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഗതാഗത മന്ത്രിയായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹോദരീ ഭര്‍ത്താവാണ്.