തന്‍റെ അടുത്ത പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന ആരാധകരെ സംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്ത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു അദ്ദേഹത്തിന്‍റെ 62-ാം പിറന്നാള്‍.
പ്രിയപ്പെട്ടൊരാളുടെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടലിലാണ് തെലുങ്ക് രാഷ്ട്രീയ, സിനിമാ മേഖലകള്‍. എന്‍ടിആറിന്‍റെ മകനും ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ നന്ദമുറി ഹരികൃഷ്ണ ഇന്ന് രാവിലെയാണ് വാഹനാപകടത്തില്‍ മരിച്ചത്. സിനിമാതാരവും രാഷ്ട്രീയ നേതാവുമായിരുന്ന അദ്ദേഹം ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവേ ഡ്രൈവ് ചെയ്തിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ആരാധകരുമായി ഊഷ്മളമായ ബന്ധം സൂക്ഷിച്ചിരുന്ന നന്ദമുറി ഹരികൃഷ്ണ ആരാധകര്‍ക്ക് അവസാനമെഴുതിയ കത്ത് മരണാനന്തരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
തന്‍റെ അടുത്ത പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന ആരാധകരെ സംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്ത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു അദ്ദേഹത്തിന്‍റെ 62-ാം പിറന്നാള്‍. തന്‍റെ പിറന്നാളിന് ഇക്കുറി പതിവ് ആഘോഷങ്ങളൊന്നും വേണ്ടെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിക്കുന്നു. "ഇക്കുറി എനിക്ക് പിറന്നാളിന് പൂച്ചെണ്ടുകളും പൂമാലകളുമൊന്നും സമ്മാനമായി വേണ്ട. മറിച്ച് അതിനായി ഉപയോഗിക്കാനിരിക്കുന്ന പണം പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് നല്‍കൂ. ഒപ്പം മഴക്കെടുതിയില്‍ വലയുന്ന ആന്ധ്രപ്രദേശ് മേഖലയ്ക്കും സഹായം എത്തിക്കൂ", ആരാധകര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ നന്ദാമുറി ഹരികൃഷ്ണ അഭ്യര്‍ഥിച്ചു.
തെലുങ്കാന, നെല്ലൂര്‍ ജില്ലയിലെ കവാലിയിലേക്ക് കാറോടിച്ച് പോകവെ നല്‍ഗോണ്ട ഹൈവേയില്‍ ഇന്ന് രാവിലെ 6.30നാണ് ഹരികൃഷ്ണയുടെ മരണത്തിന് ഇടയാക്കിയ അപകടം. ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. അതിവേഗത്തില്‍ പോവുകയായിരുന്ന ഹരികൃഷ്ണയുടെ എസ്‍യുവി വാഹനം റോഡിന്‍റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കുകളേറ്റെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു. 9 മണിക്കുള്ള വിവാഹത്തില്‍ സമയത്തിന് എത്താനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹമെന്നും അപകടം നടക്കുമ്പോള്‍ വാഹനത്തിന് 150 കി.മീറ്ററോളം വേഗമുണ്ടായിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു. മീഡിയനില്‍ ഇടിച്ച് മറിഞ്ഞ വാഹനം മറ്റൊരു കാറിലും ഇടിച്ചു. ഹരികൃഷ്ണ ഓടിച്ചിരുന്ന വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു.
