2016ല്‍ ജമ്മു കശ്മീരിലെ ഉറിയില്‍ നടന്ന അപ്രതീക്ഷിത ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ ചലച്ചിത്ര രൂപമാണ് 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. ചിത്രത്തിലെ സംഭാഷണമായ 'ഹൗ ഈസ് ദി ജോഷ്' ട്വിറ്ററിലെ ട്രെന്റിംഗ് ഹാഷ് ടാഗാണ്.
ചലച്ചിത്ര പ്രവര്‍ത്തകരോട്, 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിലെ ഡയലോഗ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ ആരംഭിച്ച നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടനത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. ചിത്രത്തിലെ ഹിറ്റ് ഡയലോഗായ 'ഹൗ ഈസ് ദി ജോഷ്?' (ഉഷാറല്ലേ?) എന്നായിരുന്നു സദസ്സിനോട് മോദിയുടെ ചോദ്യം. കൈയടികളോടെയാണ് സദസ്സ് ഈ ചോദ്യത്തെ സ്വീകരിച്ചത്.
2016ല്‍ ജമ്മു കശ്മീരിലെ ഉറിയില്‍ നടന്ന അപ്രതീക്ഷിത ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ ചലച്ചിത്ര രൂപമാണ് 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. ചിത്രത്തിലെ സംഭാഷണമായ 'ഹൗ ഈസ് ദി ജോഷ്' ട്വിറ്ററിലെ ട്രെന്റിംഗ് ഹാഷ് ടാഗാണ്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പ്രസംഗത്തിനിടയിലെ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
പ്രസംഗത്തില്‍ സിനിമയ്ക്ക് ഇന്ത്യയിലുള്ള പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി സിനിമയും സമൂഹവും പരസ്പരം പ്രതിഫലിപ്പിക്കാറുണ്ടെന്നും പറഞ്ഞു. 'കാലത്തിനനുസരിച്ച് നമ്മുടെ സിനിമ മാറുന്നതുപോലെ ഇന്ത്യയും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ എത്രയുണ്ടോ അത്രതന്നെ പരിഹാരങ്ങളുമുണ്ട്', നരേന്ദ്ര മോദി പറഞ്ഞു.
ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്കി കൗശലാണ് നായകന്‍. 42 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന് ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യവാരത്തില്‍ തന്നെ ചിത്രം 70.94 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്.
