മികച്ച അഭിനയംകൊണ്ട് ജനപ്രീതി നേടിയ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. എന്നാൽ, അഭിനയം മാത്രമല്ല സംവിധാനവും താരത്തിന് വഴങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിശ്ചല ഛായാഗ്രാഹകൻ ചിത്രാരസ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രാരസ് നയൻതാരയുടെ സംവിധാന മോഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

നയൻതാര സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ചിത്രാരസ് വെളിപ്പെടുത്തിയത്. അജിത് നായകനായ ആരംഭം സിനിമയിലാണ് നയൻതാര സഹസംവിധായികയായി പ്രവർത്തിച്ചത്. ഈ സമയത്ത് ചിത്രാരസ് പകർത്തിയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രസകരമായ വെളിപ്പെടുത്തൽ. നയൻതാര തന്നെയായിരുന്നു ചിത്രത്തിലെ നായിക.

ഒരാഴ്ചയോളം നയൻതാര ഫ്രീയായിരുന്നു. ഈ സമയത്താണ് സംവിധായകൻ വിഷ്ണുവിനോട് താൻ സഹസംവിധായിക ആയിക്കോട്ടെ എന്ന്  നയൻതാര ചോദിച്ചത്. വിഷ്ണു സമ്മതിക്കുകയും ഒരാഴ്ചയോളം നയൻതാര സഹസംവിധായികയായി പ്രവർത്തിക്കുകയും ചെയ്തു. ആ സമയത്താണ് ഈ ചിത്രം എടുത്തത്. നയൻതാരയുടെ കൈയ്യിൽ പോലും ഈ ചിത്രമില്ല. സിനിമയെക്കുറിച്ചുളള തന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നയൻതാര പറയുമായിരുന്നു. സംവിധാന മോഹം നയൻതാരയ്ക്കുണ്ട്. ഭാവിയിൽ ചിലപ്പോൾ നയൻതാര ഒരു സംവിധായിക ആയേക്കാമെന്നും ചിത്രാരസ് അഭിമുഖത്തിൽ പറഞ്ഞു.

അജിത് നായകനായ വിശ്വാസം സിനിമയാണ് നയൻതാരയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബില്ല, ആരംഭം തുടങ്ങിയ ചിത്രങ്ങളിൽ അജിത്തും നയൻതാരയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.