അഭിനയ മികവിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മാറിയ നയൻതാര സമ്പന്നരുടെ പട്ടികയിലും സൂപ്പർസ്റ്റാര്‍. ഫോബ്സ് മാഗസിൻ ഈ വർഷം പുറത്തുവിട്ട സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ നയൻതാര ഇടം നേടി. 100 പേരുടെ പട്ടികയിൽ 69-ാം സ്ഥാനത്താണ് നയൻതാര. 15.17 കോടി രൂപയാണ് നയൻതാരയുടെ വാർഷിക വരുമാനം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നടിമാരിൽ ആദ്യമായാണ് ഒരാൾ ഫോബ്സ് പട്ടികയിൽ ഇടം പിടിക്കുന്നത്.

സൽമാൻ ഖാൻ ആണ് പട്ടികയിൽ ഒന്നാമത്. ഇത് മൂന്നാം തവണയാണ് സൽമാൻ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 253.25 കോടിയാണ് സൽമാന്റെ വരുമാനം. സിനിമ, ടിവി റിയാലിറ്റി ഷോ, പരസ്യം എന്നിവയിൽനിന്നുമാണ് താരത്തിന്റെ വരുമാനം. പട്ടികയിൽ രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. 228.09 കോടിയാണ് കോഹ്‌ലിയുടെ സമ്പാദ്യം. 185 കോടി വരുമാനമുള്ള അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ദീപിക 11-ാം സ്ഥാനത്തായിരുന്ന ദീപിക പദുക്കോൺ ഇത്തവണ  നാലാം (112.8 കോടി) സ്ഥാനം കരസ്ഥമാക്കി. എംഎസ്ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.  

തമിഴകത്തുനിന്നും എ.ആർ.റഹ്മാൻ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമൽഹാസൻ (71) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ. മലയാളത്തിൽനിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. 18 കോടിയുമായി പട്ടികയിൽ 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 

തെലുങ്കിൽനിന്ന് റാം ചരൺ (72), വിജയ് ദേവർഗോണ്ഡ (73), പവൻ കല്ല്യാൺ (24), ജൂനിയർ എൻടിആർ (28), മഹേഷ് ബാബു (33),നാഗാർജുന (36), അല്ലു അർജുൻ (64) എന്നിവർ പട്ടികയിൽ ഇടം നേടി. കന്നടസിനിമയിൽനിന്ന് കോരട്ടല ശിവ (39) മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. കായികലോകത്തുനിന്ന് കോഹ്ലിയെ കൂടാതെ പിവി സിന്ധു (20), രവിചന്ദ്രൻ അശ്വിൻ (44) എന്നിവരും പട്ടികയിൽ സ്ഥാനമുറപ്പിച്ചു.