തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് ഇപ്പോള്‍ നയന്‍താര. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കുന്ന നടി. ബോക്സ് ഓഫീസില്‍ ഇപ്പോള്‍ നായകനു തുല്യമാണ് നയന്‍താരയുടെ മൂല്യം. നായകന്റെ ലേബലില്‍ സിനിമ എന്നതിനു പകരം നയന്‍താരയുടെ സിനിമ എന്ന പരസ്യവുമായി തീയേറ്ററുകളിലേക്ക് എത്തുന്നു. ഇപ്പോഴിതാ ഒരു ഡാര്‍ക് കോമഡി സിനിമയില്‍ നയന്‍താര അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന കോ കോ എന്ന സിനിമയിലാണ് നയന്‍താര നായികയാകുന്നത്. ചിത്രത്തില്‍ നയന്‍താരയ്‍ക്ക് ജോഡിയില്ല. സരണ്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

നായികാപ്രാധാന്യമുള്ള സിനിമകളിലാണ് നയന്‍താര ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. മായ, നാനും റൗഡി താന്‍ എന്നീ സിനിമകളൊക്കെ നയന്‍താരയുടെ താരമൂല്യം കൊണ്ട് വിജയിച്ചതാണ്. ഇനിയിപ്പോള്‍ നാലു സിനിമകളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇമൈക്കാ നൊടികള്‍, അറം, കൊലൈയുതിര്‍കാലം, ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരന്‍ എന്നിവ. നിരവധി സംവിധായകരാണ് നയന്‍താരയുടെ ഡേറ്റിനായി കാത്തിരിക്കുന്നതും.