പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ നീലക്കുയില്‍ ഉദ്വേഗജനകമായ എപ്പിസോഡുകളിലൂടെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. എങ്ങനെയാകും ട്വിസ്റ്റ് മറനീക്കി പുറത്തുവരുന്നത് എന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. റാണി, ആദി എന്നിവരുടെ ദാമ്പത്യത്തിലൂടെയും ആദിയുടെ മറ്റൊരു ഭാര്യയായ കസ്തൂരിയിലൂടെയുമാണ് കഥ മുന്നോട്ടുപോകുന്നത്.

തങ്ങളുടെ മകളുടെ വിവാഹബന്ധം തകരരുതെന്നും അത് ഏത് വിധേനയും വിളക്കിച്ചേര്‍ക്കണം എന്നുമാണ് റാണിയുടെ മാതാപിതാക്കള്‍ കരുതുന്നത്. റാണിക്ക് ശരണ്‍ എന്നയാളുമായി അവിഹിത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന അവര്‍, പ്രബലന്‍ എന്ന വക്കീലിനോട് എങ്ങനെയെങ്കിലും ശരണിനെ ഇവരുടെ ജീവിതത്തില്‍നിന്നും മാറ്റാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ റാണി നല്ല കുട്ടിയാണെന്ന് പ്രബലന്‍ ആദിയുമായി സംസാരിച്ചിരിക്കുന്ന വേളയില്‍ത്തന്നെ റാണി ശരണുമായിചേര്‍ന്ന് ഒരു വണ്ടിയില്‍ കയറിപോകുന്നത് അവര്‍ കാണുകയാണ്. റാണി തന്നെ ചതിക്കുകയാണെന്ന് കരുതിയിരിക്കുന്ന ആദിയുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയാണ് റാണി ഓരോ പ്രവര്‍ത്തനത്തിലൂടെയും ചെയ്യുന്നത്.

അതേസമയം ആദിയുടെ വീട്ടില്‍, എന്തിനാണ് റാണി വിവാഹമോചനം ഫയല്‍ ചെയ്തത് എന്നുള്ള ചര്‍ച്ചയാണ്. വീട്ടുവേലക്കാരി പറയുന്നത് കസ്തൂരിയെ ആദി കെട്ടിപ്പിടിക്കുന്നത് റാണി കണ്ടെന്നും, അതാണ് കാരണമെന്നുമാണ്. അത് ശരിവെക്കുന്ന തരത്തില്‍ ആദിയുടെ അച്ഛനും അമ്മയ്ക്കും തെളിവുകളും കിട്ടുന്നുണ്ട്. എന്നാല്‍ റാണിയുടെ ബന്ധമാണ് താന്‍ ഇതെല്ലാം ചെയ്യാന്‍ കാരണമെന്ന് ആദി അവരോട് പറയുന്നുമില്ല.

റാണിയുടെ അച്ഛനും അമ്മയും റാണിയ്ക്ക് ശരണുമായി അവിഹിത ബന്ധം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. റാണിയെ പറഞ്ഞ് ഉപദേശിക്കാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. എന്തെങ്കിലും പറയുന്ന മാത്രയില്‍ റാണി അവര്‍ക്കുനേരെ തിരിഞ്ഞ് രംഗം കലുക്ഷിതമാക്കുകയാണ് ചെയ്യുന്നത്. അതെല്ലാംകൊണ്ടുതന്നെ റാണിയോട് വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല എന്നാണ് രാധാമണിയും ശരത്തും പറയുന്നത്. തന്റെ വീട്ടിലും ആരുംതന്നെ വിശ്വസിക്കുന്നില്ലല്ലോ എന്നുചിന്തിച്ച് റാണി അവിടെനിന്നും ഇറങ്ങുകയാണോ? ആദിയുടെ തെറ്റിദ്ധാരണകള്‍ ഏങ്ങനെ മാറും എന്നെല്ലാമറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.