'സിനിമയില്‍ എട്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് സുഹൃത്തിന് ആ ദുരനുഭവമുണ്ടായത്. എന്റെ ധാരണകളെ ആ സംഭവം പിടിച്ചുകുലുക്കി.'

മലയാള സിനിമ വ്യക്തിപരമായി തനിക്ക് ദുരനുഭവങ്ങളൊന്നും തന്നിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. 'വഴങ്ങിക്കൊടുക്കലുകള്‍ക്ക് എന്നോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം സിനിമാമേഖലയെക്കുറിച്ചുള്ള തന്റെ തെറ്റായ ധാരണകള്‍ മാറിയത് സഹപ്രവര്‍ത്തകയ്ക്കുണ്ടായ ദുരനുഭവത്തോടെയാണെന്നും റിമ പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'സിനിമയില്‍ എട്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് സുഹൃത്തിന് ആ ദുരനുഭവമുണ്ടായത്. എന്റെ ധാരണകളെ ആ സംഭവം പിടിച്ചുകുലുക്കി. അവനവന്റെ മാളത്തില്‍ നിന്നും പുറത്തിറങ്ങണമെന്നും നമുക്ക് യഥാര്‍ഥത്തില്‍ തോന്നുന്നത് എന്താണെന്ന് തുറന്നുപറയണമെന്നും തിരിച്ചറിഞ്ഞതും ആ സംഭവത്തോടെയാണ്. എനിക്കൊരു ശബ്ദമുണ്ടെന്നും സംസാരിക്കാന്‍ വേദിയുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നുമൊക്കെ തിരിച്ചറിയാന്‍ ഇത്ര വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നത് ആലോചിച്ചപ്പോള്‍ ഞെട്ടലുണ്ടാക്കിയ കാര്യമാണ്. അത്തരത്തില്‍ ശബ്ദമുയര്‍ത്താനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത ഒരുപാട് സ്ത്രീകളുണ്ട്.'

സ്ത്രീകള്‍ ഒരുമിച്ചുകൂടി ശബ്ദമുയര്‍ത്താന്‍ തുടങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുമെന്നും ഡബ്ല്യുസിസിയെക്കുറിച്ച് സൂചിപ്പിച്ച് റിമ പറഞ്ഞു. 'മനോഹരമായ യാത്രയായിരുന്നു അത്. എന്റെ ഇതുവരെയുള്ള മുഴുവന്‍ ജീവിതത്തെയും നിര്‍ണയിക്കാന്‍ പര്യാപ്തമായ ഒന്ന്', റിമ കല്ലിങ്കല്‍ പറഞ്ഞവസാനിപ്പിക്കുന്നു.