കൊച്ചി: ഡബ്ലുസിസിയ്ക്ക് പുറമെ മറ്റൊരു വനിതാ സംഘടനയുമായി മലയാള സിനിമാ പ്രവര്‍ത്തകര്‍. ഫെഫ്കയുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മി അധ്യക്ഷയായ കോർഡിനേഷൻ കമ്മിറ്റി ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. ഫെഫ്ക വനിതാ അംഗങ്ങളുടെ മാത്രം യോഗം ചേരുന്നത് ഇതാദ്യമായാണ്. ഉണ്ണികൃഷ്ണനും സിബി മലയിലും യോഗത്തിൽ സംസാരിച്ചു. 

ഡബ്ബിംഗ്, മേക്കപ്പ് അപ്പ്, വസ്ത്രാലങ്കാരം തുടങ്ങിയ സാങ്കേതിക മേഖലയിലെ വനിതകളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. ആദ്യ യോഗത്തിന് എത്തിയില്ലെങ്കിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കോർഡിനേഷൻ കമ്മിറ്റിയുടെ അധ്യക്ഷയായി നിശ്ചയിക്കുകയായിരുന്നു. സിനിമാ രംഗത്ത് ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് കൂട്ടായ്മ എന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡബ്ള്യൂസിസി അടക്കം ഏതെങ്കിലും സംഘടനക്ക് ബദലല്ല കൂട്ടായ്മയെന്നാണ് വിശദീകരണം. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഡബ്ല്യുസിസി രൂപീകരിച്ചത്. ഫെഫ്ക വൈസ് പ്രസിഡണ്ടായിരുന്ന ഭാഗ്യലക്ഷ്മിയെ സംഘടനയിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായിരുന്നു. 

പരസ്യമായി ഫെഫ്ക ഡബ്ള്യുസിസിയെ സ്വാഗതം ചെയ്തെങ്കിലും പല കാര്യങ്ങളിലും ഇരു സംഘടനകളും തമ്മിൽ ഭിന്നത നിൽനിൽക്കുന്നുണ്ട്. പുതിയ കൂട്ടായ്മകൾ നല്ലതാണെന്ന് ഡബ്ള്യുസി സി പ്രതിനിധി വിധു വിൻസെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.