മലയാളത്തിലും തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായി അഞ്ച് സിനിമകളാണ് ഈ വാരം തീയേറ്ററുകളിലെത്തുക.

രണ്ട് നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് പ്രളയകാലത്തിന് ശേഷം തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചത്. ഫെല്ലിനി ടി പിയുടെ ടൊവീനോ തമസ് ചിത്രം തീവണ്ടിയും റഫീഖ് ഇബ്രാഹിമിന്റെ ബിജു മേനോന്‍ ചിത്രം പടയോട്ടവും. ഈ ചിത്രങ്ങളും മറ്റ് മറുഭാഷാ ചിത്രങ്ങളും തീയേറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെ പുതിയ റിലീസുകള്‍ എത്തുകയാണ്. മലയാളത്തിലും തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായി അഞ്ച് സിനിമകളാണ് ഈ വാരം തീയേറ്ററുകളിലെത്തുക.

വരത്തന്‍

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദും ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ്. പറവയിലെ രസമുള്ള ഫ്രെയ്മുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലിറ്റില്‍ സ്വയാമ്പ് ആണ് വരത്തന്റെയും ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്. സൗണ്ട് ഡിസൈന്‍ തപസ് നായക്. വിതരണം എ ആന്റ് എ റിലീസ്. വ്യാഴാഴ്ച തീയേറ്ററുകളില്‍.

മാംഗല്യം തന്തുനാനേന

ഒരു നവാഗത സംവിധായിക കൂടി മലയാളത്തിലേക്ക് എത്തുകയാണ്. കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൗമ്യ സദാനന്ദന്‍ ആണ്. ശാന്തി കൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയരാഘവന്‍, സലിംകുമാര്‍, സുനില്‍ സുഖദ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. വ്യാഴാഴ്ച തീയേറ്ററുകളില്‍

സാമി സ്‌ക്വയര്‍

പതിനഞ്ച് വര്‍ഷം മുന്‍പ് തീയേറ്ററുകളില്‍ തരംഗം തീര്‍ത്ത വിക്രം നായകനായ സാമിയുടെ രണ്ടാം ഭാഗം. സാമി സ്‌ക്വയര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് നായിക. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഷിബു തമീന്‍സ്. പ്രഭു, ബോബി സിംഹ, ജോണ്‍ വിജയ്, സൂരി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

ദി ഇക്വലൈസര്‍ 2

2014ല്‍ പുറത്തെത്തിയ ത്രില്ലര്‍ ചിത്രം ഇക്വലൈസറിന്റെ രണ്ടാംഭാഗം. അന്റൊയ്ന്‍ ഫുക്കുവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡെന്‍സല്‍ വാഷിംഗ്ടണ്‍ ആണ് നായകന്‍. ഫുക്കുവയ്‌ക്കൊപ്പം ഡെന്‍സല്‍ വാഷിംഗ്ടണിന്റെ നാലാമത് ചിത്രമാണ് ഇക്വലൈസര്‍ 2.

ബട്ടി ഗുല്‍ മീറ്റര്‍ ചലു

അക്ഷയ് കുമാര്‍ നായകനായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ സംവിധായകന്‍ ശ്രീ നാരായണ്‍ സിംഗിന്റെ പുതിയ ചിത്രം. ഷാഹിദ് കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയതാണ് സിനിമ.