ഗോവ: ഇനി വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ കാലമാണ് എന്ന് സംവിധായകന്‍ ആനന്ദ് ഗാന്ധി. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മാസ്റ്റര്‍ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു ആനന്ദ് ഗാന്ധി. സയന്‍സ് ഫിക്ഷന്‍ കാലത്തേയ്ക്ക് നമ്മള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പെയ്‍ന്‍റിംഗില്‍ നിന്ന് ഫോട്ടോഗ്രാഫിയിലേക്കും വിഡിയോയിലേക്കും ഇപ്പോള്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയിലേക്കും (വിആര്‍) മാറിയിരിക്കുന്നു. സാങ്കേതികത അങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 

കഥകളും ചിത്രങ്ങളും വെര്‍ച്ച്വല്‍ റിയാലിറ്റിയിലേക്ക് മാറുമ്പോള്‍ അവയിലേക്ക് പ്രേക്ഷകരെ പ്രവേശിക്കുവാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥമാണ് ആ ഉള്ളടക്കമെന്ന് പ്രേക്ഷകനെ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഉള്ളടക്കത്തെ കുറിച്ച് കൃത്യമായ അറിവ് പ്രേക്ഷകനു നല്‍കുന്ന തരത്തില്‍ ജേര്‍ണലിസവും ചിത്രങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് വിആര്‍. വരുംകാലത്തേയ്‍ക്ക് ഓര്‍മ്മകളൊക്കെ സംരക്ഷിച്ച് വയ്‍ക്കുകയാണ് വിആര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ജീവിതത്തെ അനുഭവിക്കാനുള്ള കഥ പറയുന്ന തന്ത്രമാണ് വിആര്‍ ഉപയോഗപ്പെടുത്തുന്നതെന്ന് ആനന്ദ് ഗാന്ധി പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആനന്ദ് ഗാന്ധി, വെര്‍ച്ച്വല്‍ റിയാലിറ്റി പ്രൊഡക്ഷന്‍ റിലീസ് ചെയ്‍തിരുന്നു. എല്‍സ്‍വിആര്‍ എന്ന പ്രൊഡക്ഷനില്‍ വെന്‍ലാന്‍ഡ് ഇസ് ലോസ്റ്റ്, ഡു, വി ഈറ്റ് കോള്‍, കാസ്റ്റ് ഇസ് നോട്ട് എ റൂമര്‍ തുടങ്ങിയ ഡോക്യുമെന്‍ററികളായിരുന്നു. രണ്ട് മുതല്‍ പത്ത് മിനിട്ട് വരെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററികള്‍ ഉള്‍പ്പെടുന്ന എല്‍സ്‍വിആര്‍ വിവിധ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.