അഭിനയ മികവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം നേടിയ അഭിനേതാവാണ് നവാസുദ്ധീന്‍ സിദ്ദിഖി. അവള്‍ എന്നെ സ്നേഹിച്ചു , പക്ഷേ ശാരീരിക സുഖമായിരുന്നു എന്റെ ലക്ഷ്യമെന്ന നവാസുദ്ധീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തലിനെ അല്‍പം ഞെട്ടലോടെയായിരുന്നു ചലചിത്ര ലോകം കേട്ടത്. പൊതുവെ നിശബ്ദനായ നവാസുദ്ധീന്‍ സിദ്ദിഖി തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ നടത്തിയത് ആത്മകഥയായ 'ആന്‍ ഓര്‍ഡിനറി ലൈഫി'ലൂടെയായിരുന്നു.
മിന്‍ മിസ് ഇന്ത്യ സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായിരുന്ന നിഹാരിക സിങ്ങുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശാലമായി തന്നെ സിദ്ദിഖി ആന്‍ ഓര്‍ഡിനറി ലൈഫില്‍ പറയുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളേയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറയുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദിഖി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
സിദ്ദിഖിയുമായി തനിക്ക് അല്‍പകാലം ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് താരം അവകാശപ്പെടുന്നത് പോലെ കിടപ്പറയിലെത്തുന്ന ഒന്നായിരുന്നില്ലെന്ന് നിഹാരിക സിങ് പറഞ്ഞു.സിദ്ദിഖിയുടെ അവകാശവാദങ്ങള്‍ പുസ്തകം വിറ്റ് പോകാനുള്ള നിലവാരമില്ലാത്ത നടപടിയെന്നാണ് നിഹാരിക സിങ് പറയുന്നത്.
ഒരു സ്ത്രീയുമായുള്ള ബന്ധത്തെ സംബന്ധിച്ച് കെട്ടിച്ചമച്ച കഥകള്‍ ഉണ്ടാക്കി തന്റെ പുസ്തകത്തിന്റെ വില്‍പന വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്ര ആശാസ്യമായ രീതിയല്ലെന്നും അവര്‍ വിശദമാക്കി. നവാസുദ്ധീന്‍ സിദ്ദിഖി മികച്ച നടന്‍ ആണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് നിഹാരിക കൂട്ടിച്ചേര്‍ത്തു.
