സൈസ് സീറോ ആകാനില്ല, വിമര്‍ശനങ്ങള്‍ക്ക് നിത്യ മേനോന്റെ മറുപടി

സിനിമയിലെ അവസരങ്ങള്‍ക്കായി സൈസ് സീറോ ആകാനെന്നും താൻ ശ്രമിക്കില്ലെന്ന് നടി നിത്യ മേനോൻ. അഴകളുവകളേക്കാള്‍ പ്രധാനം സിനിമയിലെ പെര്‍ഫോര്‍മൻസിനാണെന്നാണ് താൻ കരുതുന്നതെന്നും നിത്യ മേനോൻ പറയുന്നു.

വിജയ് നായകനായ മേഴ്‍സലിലായിരുന്നു നിത്യ മേനോൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തടി കൂടിയുള്ള നിത്യ മേനോന്റെ ചിത്രങ്ങള്‍ അടുത്തിടെ വൈറലുമായിരുന്നു. നിത്യ മേനോന്റെ തടിയെ പരിഹസിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തു. എന്നാല്‍ അതൊന്നും തനിക്ക് പ്രശ്‍നമല്ലെന്നായിരുന്നു നിത്യ മേനോൻ പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസം ഷൂട്ട് ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നത് കുറച്ച് അധികമായിരുന്നുവെന്ന് നിത്യ മേനോൻ പറയുന്നു. അപൂര്‍വമായിട്ടാണ് ഇങ്ങനെ ഒഴിവ് ദിവസങ്ങള്‍ കിട്ടുന്നത്. ഞാൻ ഭക്ഷണപ്രിയ ആണ്. അതുകൊണ്ടുതന്നെ ഭക്ഷണം നിയന്ത്രിച്ച് ശരീരസൌന്ദര്യം നിലനിര്‍ത്താനാകില്ല- നിത്യ മേനോൻ പറയുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ മേനോന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന, അസഹിഷ്‍ണുതയ്‍ക്കെതിരെ പോരാടുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായാണ് നിത്യ മേനോന്‍ അഭിനയിക്കുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് വി കെ പ്രകാശ് പ്രാണ ഒരുക്കുന്നത്. രാജേഷ് ജയരാമന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമായിട്ടാണ് ഒരുക്കുന്നത്. റസൂല്‍ പൂക്കുട്ടിയായിരിക്കും സൗണ്ട് ഡിസൈനര്‍.