സിരുത്തൈ ശിവയും തമിഴകത്തിന്റെ തല അജിത്തും വീണ്ടും ഒന്നിക്കുകയാണ് വിശ്വാസം എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് ശിവയും അജിത്തും ഒന്നിക്കുന്നത്. ചിത്രത്തില്‍ നിവിൻ പോളി അഭിനയിക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. അജിത്തിന്റെ സഹോദരനായാകും നിവിൻ എത്തുക എന്നായിരുന്നു റിപ്പോര്‍ട്ട്.

വാര്‍ത്തയെ കുറിച്ച് നിവിന്‍ പോളിയുടെ പ്രതികരണം- ഞാനും അങ്ങനെയൊരു വാർത്ത കണ്ടിരുന്നു. എന്നെ ആരും ഈ പ്രോജക്ടിനായി വിളിച്ചിട്ടില്ല. അജിത്ത് സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും പോകും.

അജിത് നായകനായ വീരം, വേതാളം എന്നീ ചിത്രങ്ങളും ശിവയായിരുന്നു സംവിധാനം ചെയ്‍തത്. വിശ്വാസം അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വിവേഗം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെയും നിര്‍മ്മാതാക്കള്‍.