"എല്ലാവരും കൂടെ ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ"
മലയാള സിനിമയിലെ താരസംഘടനായ ''അമ്മ'യുടെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ. സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് പുതിയ കമ്മിറ്റി വരുമെന്നും അത് നല്ല രീതിയിൽ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്നും മോഹൻലാൽ പറഞ്ഞു. സംഘടനയിൽ നിന്നും ആരും വിട്ടൊന്നും പോയിട്ടില്ലെന്നും എല്ലാവരും ഇതിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
"ആരും വിട്ട് പോയിട്ടില്ല, എല്ലാവരും ഇതിലുണ്ട്, എല്ലാവരും കൂടെ ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ" മോഹൻലാൽ പ്രതികരിച്ചു. നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരും മോഹൻലാലിന്റെ കൂടെയുണ്ടായിരുന്നു. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ പത്ത് മണി മുതലാണ് വോട്ടിങ്ങ് ആരംഭിച്ചത്. സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ദേവനും ശ്വേത മേനോനുമാണ്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിക്കുമ്പോൾ ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് രണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവർ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ജോയ് മാത്യു, ടിനി ടോം, കൈലാഷ്, റോണി ഡേവിഡ്, സന്തോഷ് കീഴാറ്റൂർ, വിനു മോഹൻ, സിജോയ് വർഗീസ്, നന്ദു പൊതുവാൾ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. വൈകീട്ട് 4 മണിയോടെ തിരഞ്ഞെടുപ്പ് ഫലം അറിയാൻ കഴിയും.


