കൊച്ചി: മോഹന്‍ലാലിന്‍റെയും അമിതാഭ് ബച്ചന്‍റെയും പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ ഹരിഹരന്‍. മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രം ‘ഒപ്പം’, അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത അമിതാഭ് ബച്ചന്‍ ചിത്രം ‘പിങ്ക്’ എന്നിവ കണ്ടതിന് ശേഷമാണ് ഹരിഹരന്‍റെ അഭിപ്രായപ്രകടനം. ഒപ്പത്തിന്‍റെ സംവിധായകന്‍ പ്രിയദര്‍ശനോടാണ് ഹരിഹരന്‍റെ പ്രതികരണം.
ഒപ്പത്തിലെ മോഹന്‍ലാലിന്റെയും പിങ്കിലെ അമിതാഭ് ബച്ചന്‍റെയും പ്രകടനം കണ്ടാല്‍ നമുക്ക് തോന്നും ഇവരേക്കാളും വലിയ നടന്മാര്‍ നമുക്കില്ലെന്ന് ഹരിഹരന്‍ അഭിപ്രായപ്പെട്ടു.കരിയറിലെ ആദ്യത്തെ മുഴുനീള അന്ധകഥാപാത്രം ‘ജയരാമനാ’യി മോഹന്‍ലാല്‍ എത്തിയ ‘ഒപ്പം’ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
ഹിന്ദിയില്‍ അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ ദീപക് സേഗാള്‍ എന്ന അഭിഭാഷകനായാണ് എത്തുന്നത്. സാമൂഹികമായ ലിംഗനീതി വിഷയമാക്കുന്ന സിനിമയില്‍ തപ്‌സി പന്നു, കീര്‍ത്തി കുല്‍ക്കര്‍ണി, ആന്‍ഡ്രിയ താരിയംഗ് എന്നിവര്‍ക്കൊപ്പം അംഗാദ് ബേദിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
