രണ്ട് മാസത്തോളം തമിഴ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച റിയാലിറ്റി ഷോയ്ക്ക് വന്‍ ട്വിസ്റ്റോടെ അവസാനം

ചെന്നൈ: രണ്ട് മാസത്തോളം തമിഴ് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച റിയാലിറ്റി ഷോയ്ക്ക് വന്‍ ട്വിസ്റ്റോടെ അവസാനം. സ്വന്തം വധുവിനെ തേടി നടന്‍ ആര്യ നടത്തിയ ഷോയാണ് എങ്ക വീട്ടു മാപ്പിളൈ. എന്നാല്‍ ഈ ഷോയുടെ ഫിനാലെയില്‍ ഫൈനലില്‍ എത്തിയ മൂന്നുപേരെയും വിവാഹം കഴിക്കാന്‍ ആര്യ സമ്മതം അറിയിച്ചില്ല.16 പെണ്‍കുട്ടികളുമായി തുടങ്ങിയ ഷോ അവസാന മൂന്നു പേരില്‍ എത്തി നില്‍ക്കുകയായിരുന്നു. 

കാനഡയില്‍ നിന്നുള്ള സുസാന, ബാംഗ്ലൂര്‍ സ്വദേശിനി അഗത, പാലക്കാട് സ്വദേശി സീതാലക്ഷ്മി എന്നിവരായിരുന്നു അവസാന വേദിയില്‍. ഇവരുടെ കുടുംബങ്ങളും എത്തിയിരുന്നു. പക്ഷേ വിജയിയെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു ആര്യയുടെ മറുപടി. ഇപ്പോള്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പറ്റില്ലെന്നും കുറച്ചുകൂടി സമയം വേണമെന്നുമായിരുന്നു ആര്യയുടെ ആവശ്യം.

ഇതോടെ സംഭവം ചൂടായി, ഈ പരിണയ മത്സരത്തില്‍ ഏറ്റവും ജനപ്രീതി നേടിയ താരം അപര്‍ണതിയോടും ഇതോടെ അവതാരിക അഭിപ്രായം ചോദിച്ചു. ഇതോടെ വികാരവതിയായി അവര്‍ പറഞ്ഞു. നീ എന്താ ഇങ്ങനെ ചെയ്യുന്നത്? നിനക്ക് കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമില്ലേ? ജീവിതാവസാനം വരെ ബ്രഹ്മചാരിയായിരിക്കാമെന്നാണോ തീരുമാനം? എന്നെ എലിമിനേറ്റ് ചെയ്യുമ്പോള്‍ ഇതുപോലെയൊന്നും തോന്നിയില്ലേ? ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നെന്ന് അവസാനം വരെ പറഞ്ഞു കൊണ്ടിരിക്കുക മാത്രമാണോ? എന്നോക്കെ പറഞ്ഞു. ഇതോടെ ഇടപെട്ട ആര്യയുടെ സുഹൃത്തായ കാര്‍ത്തി, ഇനിയും ഒരു ചാന്‍സുണ്ടെന്ന് പറഞ്ഞു.

എതായാലും ഷോ സ്ക്രിപ്റ്റഡാണെന്നും, ഇത് ചാനലിന് വെറും ഷോ മാത്രമാണെന്നുമുള്ള വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് റിയാലിറ്റി ഷോയുടെ ക്ലൈമാക്സ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.