ചെന്നെെ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആകാംഷയോടെയാണ് ആരാധകരും ഇന്ത്യന്‍ രാഷ്ട്രീയവും കാത്തിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുണ്ടാക്കിയാണോ താരത്തിന്‍റെ രംഗപ്രവേശമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തന്‍റെ രാഷട്രീയ പാര്‍ട്ടി പ്രഖ്യാപനവും പ്രവേശനവും ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രജനികാന്ത്. 

രാഷ്ട്രീയത്തിലേക്ക് തിരക്ക് പിടിച്ച് ഇറങ്ങേണ്ട ആവശ്യമില്ലെന്നാണ് താരം ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസയം തന്റെ പിറന്നാള്‍ ദിനത്തിന് ശേഷം ആരാധകരെ കാണുമെന്നും രജനികാന്ത് പറഞ്ഞു. ഡിസംബര്‍ 12നാണ് രജനികാന്തിന്റെ ജന്മദിനം. അതിന് ശേഷം മാത്രമേ ആരാധകരെ കാണൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതോടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ഇനിയും വൈകുമെന്നാണ് കണക്കുകൂട്ടല്‍. 

യുദ്ധത്തിന് തയ്യാറാകൂ എന്നായിരുന്നു ആരാധകരോട് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ആഹ്വാനം ചെയ്തത്. നിലവിലെ വ്യവസ്ഥിതിയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആരാധകരോടായി പറഞ്ഞിരുന്നു. അതേസമയം രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. ഇതിനിടയിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതായും പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നുമുള്ള വാര്‍ത്തകള്‍ വന്നത്. 

ഉലകനായകന്‍ കമല്‍ഹാസ്സനും തമിഴ് രാഷ്ട്രീയത്തില്‍ നിശിതമായ ഇടപെടല്‍ നടത്തി രംഗത്തുണ്ട്. മെര്‍സല്‍ വിവാദത്തില്‍ വിജയിയെ പിന്തുണച്ചും പത്മാവദി വിവാദത്തില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാടെടുത്തും അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശന സാധ്യത വ്യക്തമാക്കിയിരുന്നു.