'നിന്റെ യാത്ര ഒരുപക്ഷേ അവസാനിച്ചിരിക്കാം. എങ്കിലും ആ ഓര്‍മ്മകള്‍ ഓരോ ദിവസവും ജീവിക്കുന്നു. നിന്നെയോര്‍ക്കുന്നു സ്മിതാ. മറ്റൊരു ലോകത്തേക്ക് നീ കടന്നുപോയിട്ട് 32 വര്‍ഷങ്ങള്‍ തികയുന്നു ഇപ്പോഴും ഉള്‍ക്കാള്ളാനാകുന്നില്ല... '
വശ്യമായ കണ്ണുകളും, അവയുടെ മിഴിവും, മനോഹരമായ മുഖവും സ്മിത പാട്ടീലെന്ന നടിയുടെ കാഴ്ചയുടെ അഴകിനെ മാത്രമേ അടയാളപ്പെടുത്തുന്നുള്ളൂ. കാഴ്ചയുടെ വെള്ളിത്തിളക്കത്തിനുമപ്പുറം കരുത്തുറ്റ ഒരു വ്യക്തിത്വത്തിന് കൂടി ഉടമയായിരുന്നു സ്മിത.
'ഏറ്റവും ലളിതമായും മൃദുലമായും പെരുമാറുന്ന ഒരാളാണ് സ്മിത. പക്ഷേ തന്നെ ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്'- സ്മിതയെ കുറിച്ച് ഒരിക്കല്‍ അമിതാഭ് ബച്ചന്‍ കുറിച്ച വാക്കുകളാണിത്.
ഭാഗ്യാന്വേഷികളായ സിനിമാക്കാര്‍ക്കിടയില്‍ സ്മിത വ്യത്യസ്തയായിരുന്നു. സിനിമ അറിയുകയും പഠിക്കുകയും ചെയ്ത ശേഷം സ്‌ക്രീനിലേത്തുകയും താരപ്പകിട്ടിനും സൗന്ദര്യത്തിനുമപ്പുറം വേഷങ്ങളെ കുറിച്ച് ആകുലപ്പെടുകയും ചെയ്ത സ്മിത പത്തുവര്‍ഷക്കാലം മാത്രം നീണ്ട സിനിമാജീവിതത്തിനിടെ അവിസ്മരണീയമായ നിരവധി വേഷങ്ങള്‍ ഹിന്ദിയിലും മറാത്തിയിലുമായി ചെയ്തു.
ഭൂമിക, മണ്ഡി, ഭവാനി ഭവി, ചക്ര, ചിദംബരം, മിര്‍ച്ച് മസാല- തുടങ്ങി എണ്‍പതോളം ചിത്രങ്ങളിലാണ് സ്മിത വേഷമിട്ടത്. കുറഞ്ഞ കാലയളവില്‍ കരിയര്‍ ഒതുങ്ങിയപ്പോഴും അതിന് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. രണ്ട് തവണ ദേശീയ പുരസ്‌കാരവും ഒരു തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു. 1985ല്‍ രാജ്യം സ്മിതയെ പത്മശ്രീ നല്‍കി ആദരിച്ചു.

തിരശ്ശീല പങ്കിട്ട് ഒടുവില്‍ അക്കാലത്തെ ഹിറ്റ് നായകന്‍ രാജ് ബബ്ബാറുമായി സ്മിത പ്രണയത്തിലായി. ഒരിക്കല്‍ വിവാഹിതനായിരുന്ന രാജ് ബബ്ബാറുമായി വൈകാതെ വിവാഹവും നടന്നു. തുടര്‍ന്ന് 1986ല്‍ തന്റെ മകന് ജന്മം നല്‍കി ആഴ്ചകള്‍ തികയും മുമ്പേ സ്മിത ജീവിതത്തോട് വിട പറഞ്ഞു. സ്മിതയുടെ ഓര്‍മ്മകള്‍ക്ക് 32 ആണ്ടുകള്‍ തികയുമ്പോള്‍ അവരെ ഓര്‍മ്മിക്കുകയാണ് രാജ് ബബ്ബാറും മകനും നടനുമായ പ്രതീകും.

'പ്രകൃതി നിനക്ക് ചെറിയൊരു കാലമേ ജീവിക്കാനായി നല്‍കിയുള്ളൂ. ആ സമയം നീ മനോഹരമായി ജീവിച്ചു. നിന്റെ യാത്ര ഒരുപക്ഷേ അവസാനിച്ചിരിക്കാം. എങ്കിലും ആ ഓര്‍മ്മകള്‍ ഓരോ ദിവസവും ജീവിക്കുന്നു. നിന്നെയോര്‍ക്കുന്നു സ്മിതാ. മറ്റൊരു ലോകത്തേക്ക് നീ കടന്നുപോയിട്ട് 32 വര്‍ഷങ്ങള്‍ തികയുന്നു ഇപ്പോഴും ഉള്‍ക്കാള്ളാനാകുന്നില്ല... '- രാജ് ബബ്ബാര്‍ കുറിച്ചു.
അമ്മയെ കുറിച്ച് ഓര്‍മ്മകളൊന്നും പങ്കുവയ്ക്കാനില്ലാത്ത മകന്‍ പ്രതീക്, അമ്മയെ എപ്പോഴും അനുഭവിക്കുന്നുവെന്നും ഓരോ ശ്വാസത്തിലും അമ്മ കൂടെയുണ്ടെന്നും കുറിച്ചു.
