ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്ന മീ ടൂ ക്യാമ്പയിനിലേക്ക് മലയാളത്തില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലുണ്ടാകുമെന്ന സൂചനയാണ് എന്‍.എസ്. മാധവന്‍റെ ട്വീറ്റിലുള്ളത്
കൊച്ചി: ഇന്ന് വെെകുന്നേരം എറണാകുളം പ്രസ് ക്ലബ്ബില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വലിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്ന മീ ടൂ ക്യാമ്പയിനിലേക്ക് മലയാളത്തില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലുണ്ടാകുമെന്ന സൂചനയാണ് എന്‍.എസ്. മാധവന്‍റെ ട്വീറ്റിലുള്ളത്.
വെെകുന്നേരം നാലിന് നടക്കുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അദ്ദേഹം പറയുന്നു. ഒപ്പം വരുന്നത് ഒരു വലിയ സംഭവമായിരിക്കുമെന്ന് ഒരു ചെറിയ പക്ഷി പറയുന്നുവെന്ന് എന്‍.എസ്. മാധവന്‍ കുറിച്ചു. മീ ടൂ എന്ന് ഹാഷ്‍ടാഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. അമ്മയ്ക്കെതിരെ തുറന്ന പോരിന് തയാറെടുത്താണ് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസി രംഗത്ത് വന്നിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനെടുത്ത തീരുമാനം റദ്ദാക്കാത്തതിലുള്ള പ്രതിഷേധം പരസ്യമാക്കും.
ദിലീപിനെ തിരിച്ചെടുത്ത നടപടിയ്ക്കെതിരെ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനം ജനറല്‍ ബോഡിക്ക് മാത്രമേ പുനപരിശോധിക്കാനാവൂ എന്ന നിലപാട് ആണ് നേതൃത്വം കൈക്കൊണ്ടത്.
ഇത് ഇരട്ടത്താപ്പാണെന്നാണ് ഡബ്യുസിസിയുടെ പറയുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി കൂടുതല്‍ അംഗങ്ങള്‍ രാജിതിരുമാനം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
