ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. ബോളിവുഡിന്റെ സമീപകാല ചരിത്രത്തില്‍ സ്‌പോര്‍ട്‌സ് ബയോപിക്കുകളാണ് കൂടുതല്‍ ഇറങ്ങിയതെങ്കില്‍ തെന്നിന്ത്യന്‍ സിനിമയില്‍ അത് രാഷ്ട്രീയ നേതാക്കളെക്കുറിച്ചാണ്. തെലുങ്കില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന രണ്ട് പ്രധാന ചിത്രങ്ങള്‍ ബയോപിക്കുകളാണ്. മമ്മൂട്ടി നായകനാവുന്ന യാത്രയും നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന എന്‍ടിആറും. 

രണ്ട് മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരെക്കുറിച്ചാണ് ഈ രണ്ട് ചിത്രങ്ങളും. യാത്ര വൈ എസ് രാജശേഖര റെഡ്ഡിയെക്കുറിച്ചാണെങ്കില്‍ എന്‍ടിആര്‍ പേര് സൂചിപ്പിക്കുന്നതുപോലെ എന്‍ ടി രാമറാവുവിനെക്കുറിച്ചാണ്. ഇതില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്നത് എന്‍ടിആര്‍ ആണ്. ജനുവരി 9നാണ് റിലീസ്. യാത്ര തീയേറ്ററുകളിലെത്തുക ഫെബ്രുവരി എട്ടിനും. യാത്രയുടെ ടീസറിനൊപ്പം എന്‍ടിആറിന്റെ ട്രെയ്‌ലറും പുറത്തെത്തിയിട്ടുണ്ട്. 
 
തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്‍ടിആറില്‍, എടിആറിന്റെ മകന്‍ നന്ദമുരി ബാലകൃഷ്ണ തന്നെയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. ബോളിവുഡ് താരം വിദ്യ ബാലന്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രവുമാണിത്. എന്‍ടിആറിന്റെ ഭാര്യ ബസവതാരകത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. 

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായ മായാബസാര്‍ എന്ന ചിത്രത്തിനു വേണ്ടി എന്‍ടിആര്‍ കൃഷ്ണനായി വേഷമിടുന്ന രംഗത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. മൂന്ന് മിനിറ്റും 15 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം 60 ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു. വിഷ്ണു ഇന്ദുരിയും എല്‍ ശ്രീനാഥും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം കൃഷ് ജഗര്‍ലമുടിയാണ് സംവിധാനം ചെയ്യുന്നത്. എം എം കീരവാണിയുടേതാണ് സംഗീതം.