മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയന്റെ' ഡിവിഡി വൈകാതെ റിലീസ് ചെയ്യും. സൈന വീഡിയോ വിഷനാണ് ഡിവിഡി പുറത്തിറക്കുന്നത്. ഡിവിഡിയുടെ ഒരു ട്രെയ്‌ലര്‍ കട്ടും സൈന പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിലെ 3.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഭാഗമാണ് ട്രെയ്‌ലറായി പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മാണിക്യന്റെ തേന്‍കുറിശ്ശി ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവാണ് ട്രെയ്‌ലറിലുള്ളത്.

ആദ്യദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന സമ്മിശ്ര അഭിപ്രായങ്ങളെ പിന്തള്ളി ബോക്‌സ്ഓഫീസില്‍ വിജയം നേടിയ ചിത്രമാണ് ഒടിയന്‍. കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ വിജയചിത്രങ്ങളുടെ പട്ടികയിലുണ്ട് ഈ ചിത്രം. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിച്ചത്. അതേസമയം ചിത്രം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലൊക്കെ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്.