പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. 

മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് കാത്തുകാത്തിരുന്ന ആ ദിവസം എത്തുകയാണ്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ തീയേറ്ററുകളിലെത്തുന്ന ദിവസം. ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാവും ഒടിയന്‍. ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്തിമ സ്‌ക്രീന്‍ കൗണ്ട് എത്രയെന്ന് അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക.

കേരളത്തിലും റെക്കോര്‍ഡ് റിലീസ് ആവും ചിത്രം. തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് നാളെ ഒടിയന്! ഇതില്‍ പകുതിയിലധികം ഷോകളും ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്. മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്‌സിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. റിലീസ്ദിനം 27 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. ന്യൂ തീയേറ്ററിലെ മൂന്ന് സ്‌ക്രീനുകളിലായി 21 പ്രദര്‍ശനങ്ങളുണ്ട് നാളെ. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.59 വരെയാണ് 21 ഷോകള്‍. ഇതില്‍ മിക്ക പ്രദര്‍ശനങ്ങള്‍ക്കും കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒരു മലയാളചിത്രത്തിന് തിരുവനന്തപുരത്ത് ഇത്രയധികം ഇനിഷ്യല്‍ പ്രദര്‍ശനങ്ങള്‍ ആദ്യമായാണ്.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.