Asianet News MalayalamAsianet News Malayalam

ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍..; ലോകമാകമാനം 'ഒടിയന്‍' എത്തുക 3500 തീയേറ്ററുകളിലെന്ന് ശ്രീകുമാര്‍ മേനോന്‍

 'ഒടിയന്‍റെ ആഗോള സ്ക്രീന്‍ കൗണ്ട് മൂവായിരത്തി അഞ്ഞൂറോളം വരും. ഫ്രാന്‍സ്, അയര്‍ലന്‍റ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ഉക്രെയ്ന്‍, ലാത്വിയ എന്നിവിടങ്ങളിലൊക്കെ റിലീസ് ഉണ്ട്', ശ്രീകുമാര്‍ മേനോന്‍ പറയുന്നു

odiyan to release in 3500 screens worldwide
Author
Thiruvananthapuram, First Published Dec 5, 2018, 11:23 AM IST

മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം. ഒരു മലയാളചിത്രത്തിനും ഇതേവരെ ലഭിക്കാത്ത തരത്തിലുള്ള വമ്പന്‍ റിലീസിനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്. ഫ്രാന്‍സ്, ഉക്രെയ്ന്‍ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളില്‍ ഒടിയന്‍ ഡിസംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ ആഗോളതലത്തിലുള്ള സ്ക്രീന്‍ കൗണ്ട് കേട്ടാല്‍ ഞെട്ടും. ലോകമാകമാനം 3500 തീയേറ്ററുകളിലാവും ചിത്രം റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഏറ്റവും വലിയ റിലീസിംഗ് ലഭിക്കുന്ന മലയാളചിത്രമാണ് ഒടിയനെന്നും ഒരു പക്ഷേ സൗത്ത് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നായിരിക്കും ചിത്രത്തിന്‍റേതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 'ഒടിയന്‍റെ ആഗോള സ്ക്രീന്‍ കൗണ്ട് മൂവായിരത്തി അഞ്ഞൂറോളം വരും. ഫ്രാന്‍സ്, അയര്‍ലന്‍റ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ഉക്രെയ്ന്‍, ലാത്വിയ എന്നിവിടങ്ങളിലൊക്കെ റിലീസ് ഉണ്ട്. എന്നാല്‍ കേരളത്തില്‍ എത്ര തീയേറ്ററുകള്‍ ഉണ്ടാവുമെന്ന് അന്തിമതീരുമാനം എടുത്തിട്ടില്ല. എല്ലാ തീയേറ്ററുകാര്‍ക്കും ഇപ്പോള്‍ ഒടിയന്‍ വേണം. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും റിലീസ് ഉണ്ട്. മുന്‍പ് മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ മാത്രമായിരുന്നല്ലോ മലയാള ചിത്രങ്ങള്‍ എത്തിയിരുന്നത്. മലയാളസിനിമയുടെ അതിരുകള്‍ ഭേദിക്കാനുള്ള ശ്രമമാണ് ഒടിയനിലൂടെ നടത്തുന്നത്', ശ്രീകുമാര്‍ മേനോന്‍ പറഞ്ഞവസാനിപ്പിക്കുന്നു. അതേസമയം ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇന്ന് നടക്കും. അതിന് ശേഷമാവും കേരളത്തിലെ റിലീസിംഗ് സെന്‍ററുകളുടെ എണ്ണത്തില്‍ തീരുമാനമാവുക.

odiyan to release in 3500 screens worldwide

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

Follow Us:
Download App:
  • android
  • ios