ദില്ലി: ബോളിവുഡ് സിനിമ 'പദ്മാവത്' വ്യാഴാഴ്ച്ച പുറത്തിറങ്ങാനിരിക്കെ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനങ്ങളുടെ പ്രദര്‍ശന വിലക്ക് റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ കോടതി പരിഗണിക്കും. 

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കുമെന്ന് കര്‍ണിസേന പ്രവര്‍ത്തകര്‍ ഭീഷണി മുഴുക്കിയ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് ഇരു സംസ്ഥാനവും കോടതിയെ സമീപിച്ചത്. സിനിമറ്റോഗ്രാഫ് നിയമം അനുസരിച്ച് ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് പ്രദര്‍ശനാനുമതി നല്‍കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും വ്യക്തമാക്കി. 

കര്‍ണിസേന ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധങ്ങളെ തുടര്‍ന്നു നാല് സംസ്ഥാനങ്ങളില്‍ 'പദ്മാവത്' സിനിമ നിരോധിച്ച നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം നിരോധിക്കാന്‍ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്. 25നാണ് പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഈ വിധി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

റിലീസ് ചെയ്യുന്ന 25ന് രജ്പുത് കര്‍ണിസേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിങ് പറഞ്ഞു. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപിച്ചാണു പ്രതിഷേധം. നേരത്തെ, ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നായിക ദീപിക പദുകോണ്‍ എന്നിവര്‍ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചിരുന്നു. 

ചിത്രീകരണം ആരംഭിച്ചത് മുതല്‍ വിവാദ വിഷയമായി മാറിയ ചിത്രമാണിത്. നിരവധി തിരുത്തലുകള്‍ക്ക് ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പദ്മാവതി എന്ന പേര് പദ്മാവത് എന്ന് മാറ്റിയതിന് പുറമെ ദീപികയുടെ നൃത്തമടങ്ങിയ 'ഗൂമര്‍' എന്ന ഗാനത്തിലും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. ചിത്രത്തില്‍ രജപുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്. സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.