'മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ' എന്നായിരുന്നു കമന്‍റ്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പിന്നീട് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തു. ഈ പ്രൊഫൈല്‍ ആരാണെന്ന് കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ച് ഫിറോസ് തന്നെ രംഗത്തെത്തിയിരുന്നു. 

വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന വയലിന്‍ വാദകന്‍ ബാലഭാസ്കറിനെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച യുവാവ് മാപ്പ് പറഞ്ഞു. 'പ്രബി ലൈഫി' എന്ന് പേരായ ഒരു പ്രൊഫൈലില്‍ നിന്നാണ് ബാലഭാസ്കറിന്‍റെ അപകടവാര്‍ത്ത വന്നതിന് പിന്നാലെ മോശം പരാമര്‍ശം ഉണ്ടായത്. അപകടത്തില്‍ അദ്ദേഹത്തിന്‍റെ രണ്ട് വയസ്സുകാരി മകള്‍ മരിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ് ഇട്ട പോസ്റ്റിന് താഴെയായിരുന്നു ഈ കമന്‍റ്. 'മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ' എന്നായിരുന്നു കമന്‍റ്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പിന്നീട് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തു. ഈ പ്രൊഫൈല്‍ ആരാണെന്ന് കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ച് ഫിറോസ് തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് യുവാവ് മാപ്പ് അഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. പിന്നാലെ ഈ അക്കൌണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.

യുവാവിന്‍റെ കുറിപ്പ്

ദയവ് ചെയ്ത് ഇനി എന്നെ വിമര്‍ശിക്കരുതേ. അറിവില്ലായ്മ മൂലം പറ്റിയ ഒരു വലിയ തെറ്റാണ്. ബാലഭാസ്കര്‍ ചേട്ടന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച കുഞ്ഞാണെന്ന് അറിയില്ലായിരുന്നു. അദ്ദേഹം അപകടത്തിലാണെന്നും അറിയില്ലായിരുന്നു. എന്‍റെ മനസ്സില്‍ നിന്നും ആത്മാര്‍ഥമായി ഞാന്‍ മാപ്പ് പറയുന്നു. ആ കമന്‍റ് ഇട്ടപ്പോള്‍ അതൊരു ഫേക്ക് ന്യൂസ് ആണെന്നാണ് കരുതിയത്. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ. കാലില്‍ വീണ് മാപ്പ്. എല്ലാവരോടും. ഒരു തെറ്റ് ആര്‍ക്കായാലും പറ്റുമല്ലോ. ദയവുചെയ്ത് ഇനി ഒന്നും പറയരുതേ. 

മോശം പരാമര്‍ശം നടത്തിയ പ്രൊഫൈലിന്‍റെ ഉടമയെ തേടി ഫിറോസ് എഴുതിയ കുറിപ്പ്

ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത് .ബാലഭാസ്കർ എന്ന അതുല്യനായ കലാകാരന്റെ നൂറുകണക്കിന് സുഹൃത്തുക്കൾ ആശുപത്രി വരാന്തയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് കഴിഞ്ഞ നാലു ദിവസമായി എങ്ങുംപോകാതെ അവിടെത്തന്നെയുണ്ട് .അവർക്കായാണ് ,ആ നൊമ്പരങ്ങൾക്കും,പിന്നെ ലക്ഷക്കണക്കിന് ലോകമലയാളികൾക്കുമായാണ് ഈ കുറിപ്പ്‌ . ബാലുച്ചേട്ടന്റെ അപകടം നടന്ന ദിവസത്തിൽ മനസ്സു വിങ്ങിയപ്പോൾ സങ്കടം കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ഓർമ പങ്കുവച്ചുകൊണ്ട് ഞാനൊരു കുറിപ്പിട്ടിരുന്നു .അത് ഒരുപാടുപേർ കാണുകയും പ്രാർത്ഥനകൾ പങ്കുവയ്ക്കുകയുമുണ്ടായി .ലക്ഷക്കണക്കിന് പേരുടെ അകമഴിഞ്ഞ പ്രാർഥനകൾക്കിടയിൽ ,ഈ സഹോദരൻ ,ഇയാൾ മാത്രം പറയാൻ പാടില്ലാത്തത് കമന്റ് ചെയ്തു .വളരെ പെട്ടെന്ന് ആ പ്രൊഫൈൽ അപ്രത്യക്ഷമാവുകയും ചെയ്തു .പിന്നീട് ഇയാളുടെ രാഷ്ട്രീയവും ഇയാളുടെ ദുബായിലെ ജോലിയും ഒക്കെ ചർച്ചയായി .

ആശുപത്രിയിലെ നോവുഭാരങ്ങൾക്കിടയിൽ ബാലുച്ചേട്ടന്റെ അടുത്ത സുഹൃത്തുക്കൾ ഇയാളുടെ പിറകെ പോയതുമില്ല . പക്ഷേ ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ ചെന്നപ്പോൾ നെഞ്ച് നുറുങ്ങുന്ന വേദനയോടെ ബാലുച്ചേട്ടന്റെ ഒപ്പം എല്ലായ്പ്പോഴും ഒരുമിച്ചുള്ള സുഹൃത്തുക്കൾ ഇവന്റെ കമന്റിനെക്കുറിച്ചും എന്തിനാണിവനെങ്ങനെ പറഞ്ഞതെന്നതും ഒക്കെ ചർച്ചയാക്കി .രാഷ്ട്രീയവൽക്കരിക്കരുത് ഈ ആവശ്യത്തെ .ദുബായിലുള്ള എന്റെ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾ prabe lify എന്ന ഈ ചെറുപ്പക്കാരനെ ഒന്ന് കണ്ടെത്തണം . എന്നിട്ടവനോട് പറയണം, ഇവിടെ ഈ ആകാശത്തിനു കീഴിൽ അടക്കം ചെയ്യപ്പെട്ട ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാവയെ കാണാനാകാതെ ബോധമില്ലാത്ത ഒരച്ഛനെ കുറിച്ചാണ് അവൻ മനുഷ്യത്വമില്ലാത്ത വാക്കുകൾ പുലമ്പി നിറച്ചതെന്ന് .

പതിനാറു വർഷത്തിനൊടുവിൽ കാത്തിരുന്നു കിട്ടിയകണ്മണിക്കുരുന്നിനെ ലാളിച്ചു തീരും മുന്നേ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന് . അത്യാസന്ന മുറിയിൽ നിന്നും പോസിറ്റീവ് ആയി ഒരു വാക്കുകേൾക്കാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന വലിയവരും ചെറിയവരും ,അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറോളം സുഹൃത്തുക്കളെ ഇവൻ വല്ലാതെ ബാധിച്ചു കളഞ്ഞെന്ന് ! ഇവനെ ഒന്ന് കണ്ടെത്തിത്തരണം .

ഒരൊറ്റ നോട്ടത്തിൽ ആത്മാവുരുകി ചാമ്പലാക്കാനുള്ള ശാപങ്ങൾ അവനെ കാത്തിരിക്കുന്നെന്ന് പറയണം. തെറ്റുപറ്റിയെന്ന് ബോധ്യമുണ്ടെങ്കിൽ മാപ്പ് എന്ന രണ്ടക്ഷരങ്ങൾ ആശുപത്രിക്കിടക്കയിലുള്ള ഒരച്ഛന്റെയും അമ്മയുടെയും കാല്പാദങ്ങളിൽ കൊണ്ട് വയ്ക്കാൻ പറയണം .
അവൻ പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം .

ബാലുച്ചേട്ടൻ തിരികെ വരും .വരികതന്നെ ചെയ്യും .ആരോഗ്യനില പുരോഗതിയിൽ തന്നെയാണ് .ആ മനുഷ്യന്റെ നേരിയ ചലനങ്ങൾ പോലും കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന അദ്ദേഹത്തിനായി കഴിഞ്ഞ നാലു ദിനരാത്രങ്ങൾ കൂട്ടിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾ ബാലുച്ചേട്ടന് കാവലുണ്ട് !!