മലയാളത്തിലെ  നമ്പര്‍ വണ്‍ വിനോദ ചാനലായ ഏഷ്യാനെറ്റ്  ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേ‍‍‍ർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാ സ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ ആംസ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് ഗ്രൌണ്ടിൽ അരങ്ങേറി.  “ഒന്നാണ് നമ്മള്‍” ഏഷ്യാനെറ്റിൽ ഡിസംബർ 29, 30 തീയതികളിൽ സംപ്രേക്ഷണം ചെയ്യും."

മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ജയറാം, ഇന്നസെൻറ്, ജഗദീഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, ബിജു മേനോൻ തുടങ്ങിയ മലയാള സിനിമയിലെ തലമുതിർന്ന താരങ്ങള്‍ക്കൊപ്പം യുവനിരയിലെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻപോളി, ദുല്‍ഖര്‍, അജു വർഗ്ഗീസ്, പ്രയാഗ, രമേഷ് പിഷാരടി, ധർമ്മജൻ, ഷംനകാസിം തുടങ്ങി എണ്‍പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിന്റെ വിസ്മയലോകം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു.


    
ഏഷാനെറ്റ് എം ഡി കെ മാധവൻ അഭിസംബോധന ചെയ്ത ഈ മെഗാസ്റ്റേജ്ഷോയിൽ, മാതൃസംസ്ഥാനത്തിന്റെ പുനർ നിർ‍മ്മിതിക്കായി മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ എം എ യൂസഫ് അലി, ഡോ രവി പിള്ള, പി എ മുഹമ്മദ് അലി, സണ്ണി വ‍‍ർക്കി, ഡോ. കെ ജെ റോയ്, കെ മുരളീധരൻ എന്നിവരും കൈകോർത്തു. കൂടാതെ ഹിസ് ഹൈനസ് ഷേക്ക് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ വേദിയില്‍ ആദരിച്ചു.
    
പ്രമുഖ സംവിധായകൻ ടി കെ രാജീവ് കുമാറിൻറെ നേതൃത്വത്തിൽ അരങ്ങേറിയ ഷോ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി അഞ്ച് സെഗ്‍മെന്റുകളായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.