അംബാനിയുടെ മകളുടെ വിവാഹ വേദിയെ അനശ്വരമാക്കിയതോടെയാണ് ഓര്‍ഫിയോ സംഘത്തെ തേടി ഇങ്ങനെയൊരു അവസരം എത്തിയത്.  സുബിന്‍, കാരള്‍, കുശ്മിത, തന്യ എന്നിവരടങ്ങിയ സംഘമായിരുന്നു ജോധ്പൂര്‍ വിവാഹവേദിയില്‍ സംഗീതം മുഴക്കിയത്. എറണാകുളം സ്വദേശിയാണ് കാരള്‍. സുബിന്‍ കുമാര്‍ എ എസ് ആകട്ടെ കോട്ടയം സ്വദേശിയും

ജോധ്പൂര്‍: ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ മാത്രമല്ല ലോക സിനിമയുടെ തന്നെ ശ്രദ്ധ നേടികൊണ്ടാണ് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര വിവാഹിതയായത്. അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനസ് പ്രിയങ്കയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയപ്പോള്‍ താര വിവാഹങ്ങളുടെ പട്ടികയിലെ തിളങ്ങുന്ന അധ്യായമായി അത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. പിന്നീട് പഞ്ചാബി ശൈലിയിലും വിവാഹചടങ്ങ് നടന്നു.

ആഘോഷപൂര്‍വ്വം കൊണ്ടാടിയ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ മലയാളിക്ക് എന്ത് കാര്യം എന്ന് ചോദിച്ചാല്‍ കാര്യമുണ്ടായിരുന്നു എന്നതാണ് ഉത്തരം. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ ക്രിസ്തീയ ആചാരപ്രകാരം വിവാഹം പൊടിപൊടിച്ചപ്പോള്‍ അവിടെ പെഴ്തിറങ്ങിയ സംഗീതത്തിന്‍റെ രൂപത്തിലായിരുന്നു മലയാളികളുടെ സാന്നിധ്യം. മലയാളക്കരയ്ക്ക് എന്നും അഭിമാനം പകര്‍ന്നിട്ടുള്ള ഓര്‍ഫിയോ ബാന്‍ഡിലെ കലാകാരന്‍മാരായിരുന്നു താര വിവാഹ ചടങ്ങിനെ മനോഹരമാക്കിയ സംഗീതം പകര്‍ന്നത്.

അംബാനിയുടെ മകളുടെ വിവാഹ നിശ്ചയ വേദിയെ മനോഹരമാക്കിയതോടെയാണ് ഓര്‍ഫിയോ സംഘത്തെ തേടി ഇങ്ങനെയൊരു അവസരം എത്തിയത്. സുബിന്‍, കാരള്‍, കുശ്മിത, തന്യ എന്നിവരടങ്ങിയ സംഘമായിരുന്നു ജോധ്പൂര്‍ വിവാഹവേദിയില്‍ സംഗീതം മുഴക്കിയത്. എറണാകുളം സ്വദേശിയാണ് കാരള്‍. സുബിന്‍ കുമാര്‍ എ എസ് ആകട്ടെ കോട്ടയം സ്വദേശിയും.

പ്രിയങ്ക-നിക്ക് വിവാഹത്തെ മനോഹരമാക്കിയതിന്‍റെ ഖ്യാതി ഓര്‍ഫിയോ സംഘത്തിന് സമ്മാനിക്കുന്ന അഭിമാനം ചെറുതല്ല. വലിയ വേദികളില്‍ ഇനിയും മലയാളക്കരയുടെ സാന്നിധ്യമായി ഓര്‍ഫിയോ ഉണ്ടാകും. 26 കാരനായ നിക്ക് ജൊനാസും, 35 കാരിയായ പ്രിയങ്കയും ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.