ടെലിവിഷൻ കോമഡി എഴുത്തുകാർക്കും സംഘടന
കൊച്ചി: ടെലിവിഷൻ രംഗത്തെ കോമഡി എഴുത്തുകാർക്കും സംഘടന. റൈ ടെൽ എന്ന പേരിലുള്ള പുതിയ സംഘടനയുടെ ഉദ്ഘാടനം സംവിധായകൻ സിദ്ദീഖ് കൊച്ചിയിൽ നിർവഹിച്ചു. 45 പേരാണ് റൈ ടെല്ലിൽ അംഗങ്ങൾ.
ചിരിയുടെ അമിട്ട് പൊട്ടിച്ച് ടിവി സ്ക്രീനിന് മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തമാശക്കാർ, കഥ എഴുത്ത് മുതൽ അരങ്ങിലെ അഭിനയം വരെ എത്തുന്ന കലാപ്രകടനം, എന്നിട്ടും വേണ്ടത്ര അംഗീകാരമോ അവസരങ്ങളോ ലഭിക്കുന്നില്ലെന്ന തോന്നലിൽ നിന്നാണ് സംഘടിതരാവാൻ ഇവർ തീരുമാനിച്ചത്. വാട്ട്സ് ആപ്പ് കൂട്ടായ്മ അംഗീകൃതസംഘടനയായി മാറുന്ന ചടങ്ങിന് ആശിർവാദവുമായി കോമഡി ഷോകളുടെ അംബാസിഡർമാരിൽ ഒരാൾ തന്നെ എത്തി. സംവിധായകന്‍ സിദ്ദിഖ്. സിനിമാമേഖലയിൽ ചൂഷണത്തിന് ഏറ്റവും കൂടുതൽ വിധേയരാകുന്നത് എഴുത്തുകാരാണെന്ന് സംവിധായകൻ സിദ്ദീഖ് പറഞ്ഞു.
തമാശക്കാരെല്ലാം ഒത്തു കൂടിയപ്പോള്‍ കൂട്ടത്തില്‍ ഒരാൾക്ക് സ്വന്തം കല്യാണം വിളിക്കണമെന്ന് മോഹം.സഹപ്രവർത്തകർ അത് ഏറ്റെടുത്തതോടെ വേദിയിൽ ചിരിമയം. തോമസ് തോപ്പിൽക്കുടി ,അനൂപ് കൃഷ്ണൻ,ദിനേശ് പണിക്കർ തുടങ്ങിയവരാണ് സംഘടനയുടെ ഭാരവാഹികൾ. കൂടുതൽ പേരെ ഉൾപ്പെടുത്തി സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് റൈ ടെല്ലിന്റെ തീരുമാനം.
