പ്രിയ വാര്യരുടെ ലിപ് ലോക് രംഗവുമായി അഡാര്‍ ലവിന്‍റെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയ വാര്യരുടെയും റോഷന്‍റെയും ചുംബനരംഗം തന്നെയാണ് ട്രെയിലറിന്‍റെ ഹൈലൈറ്റ്.

 

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ റിലീസ് ചെയ്യും. 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ചര്‍ച്ചയാകുന്ന തരത്തില്‍ മാണിക്യ മലരായ പൂവി ഹിറ്റായതോടെ വിവാദവും കൊഴുക്കുകയായിരുന്നു.

പ്രവാചക നിന്ദ ആരോപിച്ച് നടന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം സംവിധായകന്‍ ഒമറിനും നിര്‍മാതാവിനും പാട്ടില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ക്കുമെതിരെ കേസുകളും വന്നു. ഇതിനിടെ പാട്ടില്‍ പുരികം അനക്കി ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ മലയാള സിനിമയെ അതിശയിപ്പിക്കുന്ന തരത്തില്‍ ചര്‍ച്ചയായി മാറി.

ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി എന്ന നേട്ടം പോലും പ്രിയ സ്വന്തമാക്കി. ഇതിന് ശേഷം ചിത്രത്തിന്‍റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വെെറലായി മാറി. ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.