അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം 

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയ്‌ലര്‍ എത്തി. ഓണം റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വീഡിയോയില്‍ അഭിനേതാവെന്ന നിലയില്‍ ഫ്‌ളെക്‌സിബിളാണ് മമ്മൂട്ടി. കുട്ടനാട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടിയുടെ നായകന്‍.

ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അനു സിത്താര, ഷംന കാസിം എന്നിവര്‍ നായികമാര്‍. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിദ്ദിഖ്, നെടുമുടി വേണു, ലാലു അലക്‌സ്, ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് ആണ്. പശ്ചാത്തലസംഗീതം ബിജിബാല്‍. അനന്തവിഷന്റെ ബാനറില്‍ പി.മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.