Asianet News MalayalamAsianet News Malayalam

ദ ഫേവറിറ്റോ റോമയോ; ഓസ്കർ പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

തൊണ്ണൂറ്റിയൊന്നാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ചടങ്ങ് തുടങ്ങും. ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ദ ഫേവറിറ്റും റോമയും തമ്മിലാണ് കടുത്ത മത്സരം.

Oscar film award nomination
Author
Mumbai, First Published Feb 24, 2019, 3:49 PM IST

തൊണ്ണൂറ്റിയൊന്നാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ചടങ്ങ് തുടങ്ങും. ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ദ ഫേവറിറ്റും റോമയും തമ്മിലാണ് കടുത്ത മത്സരം.

ദ ഫേവറിറ്റോ റോമയോ? 10 നോമിനേഷനുകൾ കയ്യിലുള്ള സിനിമകളെ അട്ടിമറിച്ച് മറ്റൊരു ചിത്രം ഓസ്കർ രാവ് കീഴടക്കുമോ? ബാഫ്റ്റയിൽ തിളങ്ങിയത് ദ ഫേവറിറ്റ് എങ്കിൽ, ഗോൾഡൺ ഗ്ലോബിൽ മുന്നിലെത്തിയത് ഗ്രീൻ ബുക്കും റോമയുമാണ്.

അവതാരകനില്ലാത്തത് മാത്രമല്ല ഇത്തവണത്തെ പ്രത്യേകത. റോമയിലൂടെ ആദ്യമായി ഒരു നെറ്റ് ഫ്ലിക്സ് ചിത്രം ഓസ്കറിനായി മത്സരിക്കുന്നു. കോമിക് പുസ്തകത്തെ ആധാരമാക്കിയുള്ള ബ്ലാക്ക് പാന്തർ ഏഴ് നോമിനേഷനുകളുമായി മുന്നിലുള്ളതും അപൂർവ്വത. ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടുന്ന സമാന്തര സിനിമകൾപ്പുറം , ജനപ്രീതി ആർജ്ജിച്ച തീയറ്റർ ഹിറ്റുകൾ കൂടി  മികച്ച സിനിമക്കുള്ള ഓസ്കറിനായി രംഗത്തുള്ളതും സവിശേഷത. ബ്ലാക്ക് ലാൻസ്മാൻ, ബൊഹീമിയൻ റാപ്സഡി, എ സ്റ്റാർ ഈസ് ബോൺ, വൈസ് തുടങ്ങിയ ചിത്രങ്ങളും  ആകാംക്ഷ  സമ്മാനിക്കുന്നു.

ഇന്ത്യൻ സിനിമകളും കലാകാരൻമാരും ഇല്ല. എന്നാൽ ഇന്ത്യ പശ്ചാത്തലമായുള്ള പിരീഡ് എൻഡ് ഓഫ് സെൻടൻസ് മികച്ച ഹ്രസ്വഡോക്യുമെന്ററി വിഭാഗത്തിലുണ്ട്. നിർധനരായ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ എത്തിക്കുന്ന ഉത്തർപ്രദേശിലെ വനിതാകൂട്ടായ്മയെ കുറിച്ചാണ് സിനിമ. ഒരുക്കിയത് ഇറാനിയൻ ചലച്ചിത്രകാരി റെയ്‍ക.  

ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധം, മീ റ്റു മുന്നേറ്റം,  ലിംഗ സമത്വം എന്നിവയായിരുന്നു മുൻ വർഷങ്ങളിൽ ഓസ്കർ വേദിയെ ചൂടുപിടിപ്പിച്ചത്.  അവാർഡ് ജേതാക്കളെ മാറി പ്രഖ്യാപിച്ചതടക്കമുള്ള പിഴവുകളും , റേറ്റിംഗിലെ ഇടിവുമൊക്കെ മുൻനിർത്തി അണിയറ പ്രവർത്തകരെയെല്ലാം മാറ്റി വൻ അഴിച്ചുപണി നടത്തിയാണ് താരനിശ ഇക്കുറി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.  താരങ്ങളെ വരവേൽക്കാൻ ഹോളിവുഡിലെ ഡോൾബി തീയറ്ററിന് മുന്നിലെ ചുവന്ന പരവതാനി ഒരുങ്ങിക്കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios