ദില്ലി: ബോളിവുഡ് ചിത്രം പദ്മാവതിന് വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ സുപ്രീംകോടതിയിൽ ഹർജി നൽകി. രാജസ്ഥാൻ, ഗുജറാത്ത് , ഹരിയാന,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രത്തിന്‍റെ നിനിർമ്മാതാക്കളായ വൈകോം 18 മോഷൻ പിക്ച്ചേഴ്സ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഹർജി നാളെ തന്നെ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിരോധനം നീക്കി ഈ മാസം ഇരുപത്തിയഞ്ചിന് രാജ്യവ്യാപകമായി റിലീസ് അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം സെൻസർ അനുമതി നൽകിയിട്ടും റിലീസ് ചെയ്യാൻ ചില സംസ്ഥാനങ്ങൾ അനുവദിക്കുന്നില്ല. ഈ മാസം 25 ന് ലോകമെമ്പാടും ചിത്രം പുറത്തിറങ്ങാനിരിക്കെ അടിയന്തരമായി വിലക്ക് നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കർണി സേന പോലുള്ള സംഘടനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വിലക്ക് നീക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാനങ്ങൾക്കുള്ളത്. ചരിത്രകാരന്മാരുൾപ്പെട്ട സമിതി കണ്ട ശേഷം പേരിലടക്കം സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. രജപുത്ര സംസ്കാരത്തെ വികലമാക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന വിവാദമാണ് റിലീസ് വൈകിപ്പിച്ചത്.

ദീപിക പദുകോണും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കർണി സേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടർന്നു ചരിത്ര വിദഗ്ധരുൾപ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സർട്ടിഫിക്കേഷൻ ലഭിച്ചത്. പദ്മാവതി എന്നതിനു പകരം പദ്മാവത് എന്ന് പേരു മാറ്റാനും നിർദേശിച്ചിരുന്നു. എന്നാൽ സെൻസർ ബോർഡ് അനുവദിച്ചിട്ടും രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ വിലക്കിന് മാറ്റമില്ല.