പ്രദര്‍ശനത്തിനെത്തുംമുമ്പ് ഏറെ കോളിളക്കമുണ്ടാക്കിയ പത്മാവത് എന്ന സിനിമയെ ഭയന്ന് മറ്റു സിനിമകളുടെ പ്രദര്‍ശന തീയതി മാറ്റുന്നു. ഏറ്റവും ഒടുവിൽ സിദ്ദാര്‍ത്ഥ് മൽഹോത്രയുടെ ഐയാരിയുടെ റിലീസിങ് ആണ് മാറ്റിവെച്ചത്. ഫെബ്രുവരി ഒമ്പതിലേക്കാണ് ഐയാരിയുടെ റിലീസിങ് മാറ്റിയത്. അനുഷ്ക ശര്‍മ്മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാരിയുടെ റിലീസിങ് മാര്‍ച്ച് രണ്ടിലേക്കാണ് മാറ്റിയത്. ജനുവരി 25നാണ് പത്മാവത് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്മാവത് തരംഗത്തിൽ തങ്ങളുടെ ചിത്രം മുങ്ങിപ്പോകുമോയെന്ന് ഭയന്നാണ് അണിയറപ്രവര്‍ത്തകര്‍ റിലീസിങ് നീട്ടാൻ തീരുമാനിച്ചത്. സഞ്ജയ് ലീലാ ബൻസാലി ചിത്രമായ പത്മാവത് ഇതിനോടകം വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. ചിത്രത്തിന്റെ സെൻസറിങ്, പേരുമാറ്റം എന്നിവയെല്ലാം വാര്‍ത്തയിൽ നിറഞ്ഞുനിന്നിരുന്നു. ദീപിക പദുകോണാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനും ചിത്രത്തിലെ അഭിനേതാക്കള്‍ക്കുമൊക്കെ വധഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട്. ഇതോടെ ഇവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ആദ്യം നിശ്ചയിച്ച പത്മാവതി എന്ന പേരു പിന്നീട് മാറ്റി പത്മാവത് എന്നാക്കി മാറ്റുകയും ചെയ്തു.