ഭോപ്പാല്‍: സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രം പദ്മാവതിക്ക് മധ്യപ്രദേശിന് പിന്നാലെ ഗുജറാത്ത് ഗവണ്‍മെന്റിന്റെയും വിലക്ക്. ചിത്രം റിലീസ് ചെയ്താല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ചിത്രം ഗുജറാത്തില്‍ റിലീസ് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വിജയ് റുപാണി അറിയിച്ചു. 

ഇവിടെ ഒരു പദ്മാവതിയും അനുവദിക്കില്ല. ആവശ്യമില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നും അനുവദിക്കില്ല.- മുഖ്യമന്ത്രി വ്യക്തമാക്കി. ഡിസംബര്‍ ഒമ്പതിനും 14നുമായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ചരിത്രം വളച്ചൊടിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ച് കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തീവ്ര വലതുസംഘടനകളില്‍ ഭൂരിഭാഗവും ചിത്രത്തിനെതിരെ രംഗത്തെത്തി. വിവാദമായ ചിത്രം റിലീസിന് മുമ്പ് തന്നെ രണ്ട് സംസ്ഥാനങ്ങള്‍ നിരോധിച്ചു കഴിഞ്ഞു. ചിത്രം നിരോധിക്കണമെന്നാവിശ്യപ്പെട്ട് രജ്പുത് വിഭാഗക്കാര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെ മധ്യപ്രദേശില്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു..

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തിരൂമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മാതാക്കളായ വയാകോം മോഷനി പിക്ചേഴ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുകയാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ സ്വമേധയാ റിലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മാതാക്കളുടെ വിശദീകരണം. 

ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. റിലീസ് നീട്ടിവച്ചാലും വിവാദങ്ങളില്‍ നീക്കം ചെയ്യാതെ റിലീസ് അനുവദിക്കില്ലെന്ന യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിട്ടുണ്ട്.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടികൊടുത്തിരുന്നു.