ജ​യ്പു​ർ: സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ചി​ത്രം പത്മാവതിയെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ തുടരുമ്പോള്‍ ചി​ത്രം റി​ലീ​സി​ലെ​ത്തു​ന്ന ന​വം​ബ​ർ ഒ​ന്നി​ന് ക​ർ​ണി സേ​ന ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. സം​ഘ​ട​നാ ക​ണ്‍​വീ​ന​ർ ലോ​കേ​ന്ദ്ര സിം​ഗ് ക​ൽ​വി​യാ​ണ് ഈ ​ആ​ഹ്വാ​നം ന​ട​ത്തി​യ​ത്. തി​യ​റ്റ​റു​ക​ൾ ക​ത്തി​ക്കു​ന്ന​ത് ക​ഴി​യു​മെ​ങ്കി​ൽ ത​ട​യാ​നും ക​ർ​ണി സേ​ന നേ​താ​വ് വെ​ല്ലു​വി​ളി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ റാണി പത്മാവതിയെ അവതരിപ്പിക്കുന്ന ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ വ​സ്ത്ര ധാ​ര​ണ​ത്തെ​യും നേ​താ​വ് പ​രി​ഹ​സി​ച്ചു. അ​ർ​ധ​ന​ഗ്ന​മാ​യി നൃ​ത്തം ചെ​യ്യു​ന്ന ദീ​പി​ക എ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നും ക​ൽ​വി ചോ​ദി​ച്ചു. 

പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്മാവതിയുടെ റിലീസ് തടയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു‍. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും അനുമതി നല്‍കിയ തീരുമാനം സെന്‍സര്‍ ബോര്‍ഡ് പുനഃപരിശോധിക്കണമെന്നും ബി.ജെ.പി വൈസ്പ്രസിഡന്‍റ് ഐ.കെ ജഡേജ പറഞ്ഞു. 

രജപുത്ര സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.

കൂടാതെ ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന അക്രമിസംഘമാണ് രംഗോലി നശിപ്പിച്ചത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.