ക്വോലാപ്പൂര്‍ : സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'പദ്മാവതി'യുടെ കൂറ്റന്‍ സെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. മഹാരാഷട്രയിലെ ക്വോലാപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്‍റെ സെറ്റും ഉപകരണങ്ങളും കത്തിച്ച് ചാമ്പലാക്കി. പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റാണ് പൂര്‍ണമായും തകര്‍ന്നത്.
'രജപുത്ര' സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന കുറച്ചു നാളുകള്‍ക്ക് മുന്‍പ് രാജസ്ഥാനിലെത്തിയ സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ സെറ്റ് കത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മഹാരാഷ്ര്ടയിലെ സംഭവവും വിലയിരുത്തപ്പെടുന്നത്. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, അത്തരത്തിലുള്ള ഒരു സീനും ചിത്രത്തില്‍ ഇല്ലെന്ന് വിശദീകരിച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തില്‍ മഹാരാഷ്ര്ട സാംസ്‌കാരിക മന്ത്രി വിനോദ് താവ്‌ഡെ ശക്തമായി അപലപിച്ചു.
