ഭോപ്പാൽ: റാണി പത്മാവതി ജീവിച്ചിരുന്നോ എന്നതിൽ ചരിത്രകാരൻമാർക്കിടയിൽ തർക്കമുണ്ടെങ്കിലും അവരുടെ കഥ സ്​കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ തീരുമാനിച്ചു. പത്മാവതി സിനിമാ വിവാദത്തി​ന്‍റെ പശ്​ചാതലത്തിലാണ്​ രജപുത്ര രാജ്​ഞി പത്മാവതിയുടെ കഥ കുട്ടികളെ പഠിപ്പിക്കുമെന്നും​ അതുവഴി ചരിത്രം തിരുത്തുമെന്നും മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പ്രഖ്യാപിച്ചത്​. 

മധ്യപ്രദേശിൽ സിനിമ നി​രോധിച്ചതിന്​ ഉജ്ജയിനിൽ നൽകിയ അനുമോദന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ പത്മാവതിയെ ഗാനങ്ങള്‍ സ്കൂളുകളില്‍ കേള്‍പ്പിക്കാനും പാടില്ല. പത്മാവതി രാജമാതാവാണെന്നും അവരുടെ ധീരതയും ത്യാഗവും വരുംതലമുറ പഠിക്ക​ട്ടെയെന്നും ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ ഇത്​ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന്​ പിന്നീട്​ കർണി സേന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്​ചയിൽ മുഖ്യമന്ത്രി പറഞ്ഞു.

സിനിമക്കെതിരെ രജപുത്ര സമുദായത്തിൽ കടുത്ത എതിർപ്പ്​ ഉയരുന്ന സാഹചര്യത്തിലാണ്​ സിനിമ നിരോധിക്കുന്നതെന്ന്​ നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പത്മാവതിയോട്​ അനാദരവ്​ പ്രകടിപ്പിക്കുന്ന രീതിയിലുള്ള രംഗങ്ങളും വളച്ചൊടിച്ച വസ്​തുതകളുമായും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു. സ്​ത്രീകളെ ആദരിക്കുന്നതിൽ സ്​തുത്യർഹമായ സേവനം അനുഷ്​ഠിക്കുന്നവർക്ക്​ രാഷ്​ട്രമാതാ പത്മാവതി അവർാഡും ധീരതക്ക്​ മഹാറാണ പ്രതാപ്​ അവാർഡും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്​ഥാന തലസ്​ഥാനത്ത്​ പത്മാവതിക്കായി സ്​മാരകം പണിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം 'പത്മാവതി'ക്കെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ വിയോജിപ്പുകളാണ് ഉയരുന്നത്. തീയറ്ററുകള്‍ക്കെതിരെ ആക്രമണങ്ങള്‍, കോലം കത്തിക്കല്‍ തുടങ്ങി രാജ്യത്തുടനീളം ചിത്രത്തിനെതിരെ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.