ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹദിനത്തിൽ ജാവേദ് മിയാൻദാദിന്റെ സിക്സർ തന്റെ സന്തോഷം തകർത്തുവെന്ന് ആമിർ ഖാൻ വെളിപ്പെടുത്തി.
മുംബൈ: ബോളിവുഡിന്റെ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്നറിയപ്പെടുന്ന ആമിർ ഖാൻ തന്റെ ആദ്യ വിവാഹ ദിനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം 'ദി ലല്ലൻടോപ്പ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.. 1986 ഏപ്രിൽ 18-ന് തന്റെ ആദ്യ ഭാര്യ റീന ദത്തയുമായുള്ള രഹസ്യ വിവാഹം നടന്ന ദിവസം ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്‍റെ പ്രകടനം തന്‍റെ എല്ലാ സന്തോഷവും തകര്‍ത്തുവെന്നാണ് തമാശയായി താരം പറഞ്ഞത്.
ആമിർ ഖാനും റീന ദത്തയും അയൽക്കാരായിരുന്നു. അവരുടെ പ്രണയം ഒരു ബോളിവുഡ് ചിത്രം പോലെ തന്നെയായിരുനന്ു. എന്നാൽ, റീനയുടെ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തു. ഇതിനെ മറികടക്കാൻ, 21 വയസ്സ് തികഞ്ഞ ഉടൻ 1986 ഏപ്രിൽ 18-ന് ഇരുവരും രഹസ്യമായി റജിസ്ട്രര്‍ വിവാഹം കഴിച്ചു. "ഞങ്ങൾ വിവാഹം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഞങ്ങളെ കാണാതെ വീട്ടുകാര്‍ അന്വേഷണം നടത്തുമെന്നും, എല്ലാവരും കാര്യങ്ങള്‍ അറിയുമെന്നുമാണ് പ്രതീക്ഷിച്ചത്" ആമിര്‍ പറഞ്ഞു.
പക്ഷേ ആ ദിവസം ഷാർജയിലെ ഓസ്‌ട്രേലേഷ്യ കപ്പിന്റെ ഫൈനലായിരുന്നു. ഇന്ത്യ പാകിസ്ഥാന്‍ മത്സരമാണ് നടന്നത്. അന്ന് ഇന്ത്യയുടെ 246 റൺസിന്റെ വിജയലക്ഷ്യം പാകിസ്ഥാന്‍ പിന്തുടരുകയായിരുന്നു. മത്സരം ആവേശകരമായിരുന്നതിനാൽ ആമിറിന്റെയും റീനയുടെയും കുടുംബങ്ങൾ ടെലിവിഷന് മുന്നിലായിരുന്നു. അതിനാല്‍ ആരും ആമിറും റീനയും എവിടെപ്പോയി എന്നത് അന്വേഷിച്ചില്ല.
മത്സരത്തിന്റെ അവസാന ഓവറിൽ, പാകിസ്ഥാന് ജയിക്കാൻ 4 റൺസ് വേണമായിരുന്നു. ഇന്ത്യൻ ബൗളർ ചേതൻ ശർമ്മ എറിഞ്ഞ അവസാന പന്തിൽ ജാവേദ് മിയാൻദാദ് ഒരു സിക്സർ അടിച്ച് പാകിസ്ഥാൻ വിജയിച്ചു. "ഞങ്ങൾ മത്സരം ജയിക്കുകയാണെന്ന് ഞാൻ വിചാരിച്ചു. എന്റെ വിവാഹ ദിനത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടു. പക്ഷേ, മിയാൻദാദിന്റെ ആ സിക്സർ എല്ലാം തകർത്തു. ഞാൻ വിവാഹദിനത്തില്‍ വല്ലാതെ നിരാശനായി" ആമിർ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം, ഒരു വിമാന യാത്രയ്ക്കിടെ ആമിർ ജാവേദ് മിയാൻദാദിനെ കണ്ടുമുട്ടി. തന്‍റെ വിവാഹ ദിനത്തിലെ സന്തോഷം നിങ്ങള്‍ നശിപ്പിച്ചെന്ന് തമാശയായി ആമിര്‍ മിയാൻദാദിനോട് പങ്കുവെച്ചു. "ഞാൻ പറഞ്ഞു, 'ജാവേദ് ഭായ്, നിന്റെ ആ സിക്സർ എന്റെ വിവാഹത്തിന്‍റെ സന്തോഷം തകർത്തു" മിയന്‍ദാദ് ചോദിച്ചു, 'എങ്ങനെ?' ഞാൻ പറഞ്ഞു, 'നിങ്ങളുടെ ആ സിക്സർ കാരണം ഞാൻ വിവാഹദിനത്തില്‍ ഡിപ്രഷനിലായി!'" ആമിർ തമാശയോടെ ഓർത്തു.
ആമിർ ഖാനും റീന ദത്തയും 2002-ൽ വിവാഹമോചനം നേടി. അവർക്ക് ജുനൈദ് ഖാനും ഇറ ഖാനും എന്നീ രണ്ട് മക്കളുണ്ട്. വിവാഹമോചനത്തിന് ശേഷവും ഇരുവരും തങ്ങളുടെ മക്കളെ ഒരുമിച്ച് വളർത്തുന്നു. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ൽ അവരും വേർപിരിഞ്ഞു. ഇപ്പോൾ ആമിർ ഗൗരി സ്പ്രാറ്റുമായി ബന്ധത്തിലാണ്.


