പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു പരേഷ് റാവലാണ് മോദിയായി സ്ക്രീനിലെത്തുന്നത്.

മുംബെെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു. ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവലാണ് മോദിയായി സ്ക്രീനിലെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ റാവൽ തന്നെയാണ് പുറത്ത് വിട്ടത്.

ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്ന് റാവൽ പറഞ്ഞു. വളരെയധികം വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ചിത്രം ഉടനെ തീയേറ്ററുകളില്‍ എത്തും.

ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ജീവിതകഥയും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. മേരികോം, ഭാഗ് മില്‍ഖാ ഭാഗ്, പാഡ്മാന്‍, തുടങ്ങി നിരവധി ജീവചരിത്ര സിനിമകളാണ് കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡില്‍ ഇറങ്ങിയത്.