ചെന്നൈ: കാജല്‍ അഗര്‍വാള്‍ നായികയാകുന്ന തമിഴ് ചിത്രമാണ് പാരീസ് പാരീസ്. ഹിന്ദിയില്‍ വന്‍ ഹിറ്റായ ക്യൂന്‍ സിനിമയുടെ ഔദ്യോഗിക റീമേക്കാണ് ചിത്രം. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങി ചിത്രത്തിന്റെ ട്രെയിലറിലെ ഒരു രംഗത്തിനെതികെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തില്‍ കാജലിന്‍റെ കഥാപാത്രത്തിന്റെ മാറില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. 

യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന ട്രെയിലറിന് കീഴിലും നിരവധി കമന്റുകള്‍ ഉയരുന്നുണ്ട്. രംഗം വലിയ വിവാദമായതോടെ വിശദീകരണവുമായി സംവിധായകന്‍ രമേഷ് അരവിന്ദ് തന്നെ രംഗത്തെത്തി. ഹിന്ദി ചിത്രത്തില്‍ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി അവിഷ്കരിക്കുകയാണ് ഈ ചിത്രത്തിലും എന്നാണ് സംവിധായകന്‍റെ വാദം. 

ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ ഉണ്ടായിരിക്കുന്നത് എന്നും ഇദ്ദേഹം പറയുന്നു. 2014 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് കങ്കണയെ അര്‍ഹയാക്കിയ ചിത്രമാണ് ക്യൂന്‍. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്‍റെ തമിഴ് പതിപ്പിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ റീമേക്കുകളും റിലീസിന് തയ്യാറാകുകയാണ്.