ചെന്നൈ: കേരളത്തില്‍ ആളുകള്‍ എന്തിനാണ് ഇപ്പോഴും ജാതിവാല്‍ ചേര്‍ക്കുന്നത്, ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയത് ഒരു മലയാളി നടിക്കാണ്. തമിഴ് ടെലിവിഷന്‍ ചാനലിന്‍റെ ടോക്ക് ഷോയിലായിരുന്നു സംഭവം. പ്രേക്ഷകന്‍റെ ചോദ്യവും അതിന് പാര്‍വതി നല്‍കിയ മറുപടിയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. സ്റ്റാര്‍ വിജയ് ചാനലിലെ നീയാ നാനാ എന്ന പരിപാടിയിലായിരുന്നു ചര്‍ച്ച. 

സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്ന സാക്ഷരതയുള്ള നിരന്തരമായി രാഷ്ട്രീയ സംവാദം നടക്കുന്ന കമ്മ്യൂണിസത്തിന് വേരോട്ടമുള്ള, പുരോഗമനപരമായ ഒരു സ്ഥലത്ത് എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും ജാതിവാല്‍ ചേര്‍ക്കുന്നതെന്നായിരുന്നു പാര്‍വതിയോടുള്ള ചോദ്യം. അതിന് പാര്‍വതി നല്‍കിയ മറുപടി 
ഇങ്ങനെ നായര്‍ എന്‍റെ ജാതിപ്പേരാണ്. ശങ്കരന്‍ നായര്‍ എന്നായിരുന്നു എന്‍റെ മുത്തച്ഛന്‍റെ പേര്. അച്ഛന്‍ തന്‍റെ പേരില്‍ നിന്നും ജാതിവാല്‍ ഒഴിവാക്കി വേണുഗോപാല്‍ എന്ന് മാത്രമാണ് അറിയപ്പെട്ടിരുന്നത്. അച്ഛനും അമ്മയും പുരോഗമന ചിന്തയുള്ളവരായിരുന്നു. 

പക്ഷേ എന്‍റെ പേര് വന്നപ്പോള്‍ പാര്‍വതി വേണുഗോപാല്‍ നായര്‍ എന്നായി. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് ജാതി ഒരു പ്രസ്റ്റീജ് ഇഷ്യുവാണ്. ജാതി അറിയിക്കുന്നതില്‍ അവര്‍ക്ക് വലിയ താല്‍പ്പര്യമാണ്. നായര്‍, നമ്പൂതി, നമ്പീശന്‍ തുടങ്ങിയ ജാതിക്കാരാണ് പേരിനൊപ്പം ജാതിവാല്‍ ഉപയോഗിക്കുന്നത്-പാര്‍വതി പറഞ്ഞു. 

തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം നേടിയവര്‍ ജാതിവാല്‍ ഉപേക്ഷിക്കുമ്പോള്‍ കേരളത്തില്‍ അപ്രകാരം ചെയ്യാത്തത് എന്താണെന്ന് അവതാരകന്‍ ചോദിച്ചു. കേരളം അത്ര പുരോഗമനപരമല്ലെന്നും പലരും യാഥാസ്ഥികരാണെന്നും പാര്‍വതി ഇതിന് മറുപടി നല്‍കി. തുടര്‍ന്ന് മനുസ്മൃതിയെ കൂട്ടുപിടിച്ച് ജാതി നിരുപദ്രവകരമാണെന്ന് നടി സ്ഥാപിക്കുന്നു. ജാതി ആളുകളെ വേര്‍തിരിക്കാന്‍ ആരംഭിച്ചതല്ലെന്നും വളരെ നിരുപദ്രവകരമായ കാര്യമാണെന്നും പാര്‍വതി പറഞ്ഞു. 

അധ്യാപനം, ഭരണനിര്‍വഹവഹണം, കൃഷി തുടങ്ങിയ തൊഴിലുകളുടെ അടിസ്ഥാനത്തിലാണ് ജാതി വന്നതെന്ന് പാര്‍വതി പറഞ്ഞു. എന്നാല്‍ ജാതിയുടെ പേരില്‍ തോട്ടിപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്ക് മേല്‍പ്പറഞ്ഞ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ബഹുമാനം എന്തുകൊണ്ട് ലഭിക്കുന്നില്ലെന്നും ഷോയില്‍ ചോദ്യമുയര്‍ന്നു. 

എപ്പിസോഡ് അവസാനിക്കുമ്പോഴും നായര്‍ എന്നത് വെറുമൊരു പേരാണെന്ന നിലപാടിലായിരുന്നു പാര്‍വതി. എന്നാല്‍ അത് വെറുമൊരു പേരല്ലെന്നും നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ടോക് ഷോയിലെ അതിഥികളും അവതാരകനും പറഞ്ഞു. തമിഴ്‌നാട്ടിലും ജാതിയുണ്ട്. എന്നാല്‍ സവര്‍ണത മേന്മയായി ആരും കരുതുന്നില്ല. തമിഴ്‌നാട്ടില്‍ പണമുള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവാണുള്ളതെന്നും അവതാരകന്‍ പറഞ്ഞു.