റിലീസ് ഈ മാസം 15ന്

ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രം തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ ആദ്യമായി മലയാളത്തില്‍ അണിയിച്ചൊരുക്കുന്ന നീരാളിയാണ് ചിത്രം. പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം ഈ മാസം 15നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ രണ്ട് നായികമാരാണ്. നദിയ മൊയ്തുവും പാര്‍വതി നായരും. റിലീസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ചിത്രം തനിക്ക് എത്തരത്തിലുള്ള അനുഭവമായിരുന്നെന്ന് പറയുകയാണ് പാര്‍വതി.

നീരാളി മനോഹരമായ ഒരു അനുഭവമായിരുന്നെന്ന് പറയുന്നു പാര്‍വതി. എക്കാലവും ഊര്‍ജ്ജത്തോടെ നില്‍ക്കുന്ന അഭിനയപ്രതിഭ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഒരു അനുഗ്രഹം പോലെ തോന്നിയെന്നും. നീരാളിയുടെ വര്‍ക്കിംഗ് സ്റ്റില്ലുകള്‍ക്കൊപ്പം ട്വിറ്ററിലൂടെയാണ് പാര്‍വതിയുടെ പരാമര്‍ശം.

Scroll to load tweet…

മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സാജു തോമസ് ആണ്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ്. വി.കെ.ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്.