സീരീയലിൽ നായക കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് രശ്‍മി രാഹുലാണ്.

ഏഷ്യാനെറ്റിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന പരമ്പരകളിലൊന്നാണ് പത്തരമാറ്റ്. സീരീയലിൽ നായക കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് രശ്‍മി രാഹുലാണ്. റീൽ വീഡിയോകളിലൂടെയാണ് രശ്മി അഭിനയ രംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങ് രംഗത്തും സജീവമായിരുന്നു. ഭർത്താവ് രാഹുൽ ദേവ്‍രാജും ഒരു മകനും അടങ്ങുന്നതാണ് കുടുംബം.

സീരിയലിൽ താൻ നായക കഥാപാത്രത്തിന്റെ അമ്മയായാണ് അഭിനയിക്കുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ തനിക്ക് അത്രയും പ്രായമില്ലെന്ന് താരം പറയുന്നു. കൗമുദി മൂസീവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രശ്മി. പത്തരമാറ്റിൽ അഭിനയിക്കുന്ന രശ്മി സാമുവലും അഭിമുഖത്തിൽ രശ്മിക്കൊപ്പം ഉണ്ടായിരുന്നു. ജലജ എന്ന നെഗറ്റീവ് കഥാപാത്രമായാണ് സ്മിത സാമുവൽ സീരിയലിൽ എത്തുന്നത്.

''ഞങ്ങളെല്ലാവരും ഏകദേശം ഒരേ പ്രായമാണ്. പക്ഷേ ആളുകൾ വിചാരിക്കുന്നത് നല്ല പ്രായം ഉണ്ടെന്നാണ്. നേരിട്ടു കാണുമ്പോൾ അത് മാറും. അമ്മയായിട്ടാണെങ്കിലും അമ്മൂമ്മയായിട്ടാണെങ്കിലും അപ്പൂപ്പനമായിട്ടാണെങ്കിലും എങ്ങനെയെങ്കിലും അഭിനയിക്കണം എന്നായിരുന്നു എനിക്ക്. അതുകൊണ്ട് അക്കാര്യത്തിൽ വിഷമമൊന്നുമില്ല'', രശ്മി കൂട്ടിച്ചേർത്തു.

ആദ്യം തന്റെ കഥാപാത്രവും നെഗറ്റീവ് ആയിരുന്നു എന്നും മരുമകൾ കരൾ പകുത്തു നൽകിയതോടെയാണ് നന്നായതെന്നും രശ്മി പറയുന്നു. ''ആദ്യമൊക്കെ ആളുകൾ എന്നെ കാണുമ്പോൾ ദേഷ്യത്തോടെയാണ് നോക്കിയിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയാൽ എല്ലാവർക്കും ഭയങ്കര സ്നേഹമാണ്. ആളുകൾ തിരിച്ചറിയുന്നതും ഇഷ്ടപ്പെടുന്നതുമൊക്കെ എനിക്ക് സന്തോഷമുള്ള കാര്യമാണ്'', രശ്മി പറഞ്ഞു. പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനക ദുർഗയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു. ടോണിയും നീന കുറുപ്പുമാണ് പത്തരമാറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക